ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി വിരമിച്ച സൈനിക ഡോക്ടര്‍മാരെ തിരികെ വിളിക്കുമെന്ന് സംയുക്തസേനാ മേധാവി ബിപിന്‍ റാവത്ത്. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബിപിന്‍ റാവത്ത് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുളളില്‍ വിരമിച്ച സൈനിക ഡോക്ടര്‍മാരെയാണ് തിരികെ വിളിക്കുന്നത്. 

സൈനിക ഡോക്ടര്‍മാരുടെ വീടിന് സമീപമുളള കോവിഡ് ചികിത്സാകേന്ദ്രങ്ങളിലേക്കായിരിക്കും ഇവരെ നിയോഗിക്കുക. മെഡിക്കല്‍ എമര്‍ജന്‍സി ഹെല്‍പ് ലൈനില്‍ കണ്‍സള്‍ട്ടേഷനായി സേവനസന്നദ്ധരാകണമെന്ന് വിരമിച്ച മറ്റു ആരോഗ്യപ്രവര്‍ത്തകരോടും ആവശ്യപ്പെട്ടിട്ടുണ്ട്. 

കര,നാവിക,വ്യോമസേനാ ഹെഡ് ക്വാർട്ടേഴ്സുകളിലെ എല്ലാ മെഡിക്കല്‍ ഓഫീസര്‍മാരേയും ആശുപത്രികളില്‍ നിയോഗിക്കുമെന്നും ബിപിന്‍ റാവത്ത് പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. വലിയതോതില്‍ മെഡിക്കല്‍ സൗകര്യങ്ങള്‍ തങ്ങള്‍ ഒരുക്കുന്നുണ്ടെന്നും സാധ്യമാകുന്ന ഇടങ്ങളില്‍ പൗരന്മാര്‍ക്ക് മിലിട്ടറി മെഡിക്കല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. 

സൈന്യത്തിലെ നഴ്‌സിങ് ഓഫീസര്‍മാരേയും വന്‍തോതില്‍ ആശുപത്രികളില്‍ നിയോഗിക്കുന്നുണ്ട്. സൈന്യത്തിന് ലഭ്യമായിട്ടുളള ഓക്‌സിജന്‍ സിലിണ്ടറുകള്‍ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ആശുപത്രികള്‍ക്ക് വിട്ടുനല്‍കും. ഓക്‌സിജനും മറ്റു അവശ്യവസ്തുക്കളും എത്തിക്കുന്നതിനായി വ്യോമസേന സ്വീകരിച്ച നടപടികളും കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി വിലയിരുത്തി. 

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ സായുധസേന സ്വീകരിച്ച നടപടികള്‍ വിലയിരുത്തുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി സംയുക്തസേനാമേധാവിയുമായി കൂടിക്കാഴ്ച നടത്തിയത്.

 

Content Highlights: PM Modi meets Chief of Defence Staff General Bipin Rawat