ന്യൂഡല്‍ഹി: രാജ്യസഭാ സമ്മേളനം പിരിഞ്ഞതിന് പിന്നാലെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനടുത്തെത്തി ഹസ്തദാനം നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മന്‍മോഹന്‍ സിങ്ങുമായി ബന്ധപ്പെട്ട് മോദി നടത്തിയ പരാമര്‍ശം ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിതെളിച്ചിരുന്നു.
പാക് നയതന്ത്ര പ്രതിനിധികളുമായി കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട പരാമര്‍ശമാണ് വിവാദമായത്. പ്രധാനമന്ത്രി മോദി മാപ്പു പറയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പാര്‍ലമെന്റിന്റെ ഇരുസഭകളും തടസപ്പെടുത്തിയിരുന്നു.
സഭപിരിയുകയാണെന്ന് രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു പ്രഖ്യാപിക്കുകയും വന്ദേമാതരം മുഴങ്ങുകയും ചെയ്തതിന് പിന്നാലെയാണ് പ്രധാനമന്ത്രി മോദി പ്രതിപക്ഷത്തിന്റെ ഇരിപ്പിടങ്ങള്‍ക്ക് അടുത്തേക്ക് നീങ്ങിയത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെക്കൂടാതെ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ അടക്കമുള്ളവര്‍ക്കും മോദി ഹസ്തദാനം നല്‍കിയതായി പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.