ന്യൂഡൽഹി: 1999 കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ സായുധ സേനയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ മന്‍ കി ബാത്ത്' പരിപാടിയുടെ 79-ാം പതിപ്പില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 'വിക്ടറി പഞ്ച് കാമ്പെയ്‌നിലൂടെ ഇന്ത്യന്‍ ഒളിമ്പിക് ടീമിനെ സമൂഹമാധ്യമങ്ങളില്‍ പിന്തുണയ്ക്കണമെന്നും അദ്ദേഹം ജനങ്ങളോടഭ്യര്‍ഥിച്ചു.

''സോഷ്യല്‍ മീഡിയയില്‍ നമ്മുടെ ഒളിമ്പിക്‌സ് ടീമിനെ പിന്തുണയ്ക്കുന്നതിന്,' വിക്ടറി പഞ്ച് കാമ്പെയ്ന്‍ 'ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. നിങ്ങളും ഇത് ഷെയര്‍ ചെയ്ത് ഇന്ത്യക്ക്‌ പിന്തുണ നല്‍കണം, ''പ്രധാനമന്ത്രി പറഞ്ഞു.

''നാളെ കാര്‍ഗില്‍ വിജയ് ദിവസമാണ്. ലോകം മുഴുവന്‍ സാക്ഷ്യം വഹിച്ച നമ്മുടെ സായുധ സേനയുടെ വീര്യത്തിന്റെയും അച്ചടക്കത്തിന്റെയും പ്രതീകമാണ് കാര്‍ഗില്‍ യുദ്ധം. കാര്‍ഗിലിന്റെ ആവേശകരമായ കഥ നിങ്ങള്‍ വായിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. കാര്‍ഗില്‍ പോരാട്ടത്തിലെ ധീര ഹൃദയങ്ങളെ നമുക്കെല്ലാവര്‍ക്കും അഭിവാദ്യം ചെയ്യാം. '

യുവതലമുറയുടെ മനസ്സ് മനസ്സിലാക്കാന്‍ തന്റെ ഈ പ്രോഗ്രാമിലൂടെ സാധിച്ചെന്നും മാന്‍ കി ബാത്തിന് സന്ദേശവും നിര്‍ദ്ദേശങ്ങളും അയയ്ക്കുന്നവരില്‍ 75% പേരും 35 വയസ്സിന് താഴെയുള്ളവരാണെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു.