ന്യൂഡല്‍ഹി:  മന്‍ കി ബാത്തിന്റെ 75-ാം അധ്യായത്തില്‍ ജനത കര്‍ഫ്യൂവിനെ ഓര്‍മിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനത കര്‍ഫ്യൂ ലോകത്തിനാകെ അച്ചടക്കത്തിന്റെ അസാധാരണമായ ഉദാഹരണമായി മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനത കര്‍ഫ്യൂവും പാത്രംകൊട്ടി കൊറോണ പോരാളികള്‍ക്ക് ആദരമര്‍പ്പിച്ചതും വരുംതലമുറകള്‍ ഓര്‍മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ നമ്മള്‍ ജനത കര്‍ഫ്യൂ ആചരിച്ചു. അത് അസാധാരണമായ അച്ചടക്കത്തിന്റെ ലോകത്തിനാകെയുള്ള ഉദാഹരണമായിരുന്നു. ജനത കര്‍ഫ്യൂവും കൊറോണ പോരാളികള്‍ക്ക് പാത്രംകൊട്ടി ആദരമര്‍പ്പിച്ചതും വരുംതലമുറകള്‍ ഓര്‍ക്കും- മോദി പറഞ്ഞു. 

അന്താരാഷ്ട്ര ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികച്ചെന്ന റെക്കോഡ് സ്വന്തമാക്കിയതിന് വനിതാ ക്രിക്കറ്റ് താരം മിഥാലി രാജിനെയും സ്വിസ് ഓപ്പണ്‍ സൂപ്പര്‍ 300 ടൂര്‍ണമെന്റില്‍ വെള്ളിമെഡല്‍ നേടിയ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. മാര്‍ച്ചില്‍ വനിതാ ദിനം ആഘോഷിക്കുമ്പോള്‍ ഒട്ടേറെ വനിതാ താരങ്ങള്‍ റെക്കോഡുകളും മെഡലുകളും നേടി. ഐ.എസ്.എസ്.എഫ്. ലോകകപ്പ് ഷൂട്ടിങ്ങില്‍ ഇന്ത്യ ഉയര്‍ന്ന സ്ഥാനം നേടി. സ്വര്‍ണമെഡലുകളുടെ എണ്ണത്തിലും ഇന്ത്യയാണ് ഒന്നാമത്. ഇന്ത്യന്‍ വനിതകള്‍ ശാസ്ത്രമേഖലയിലും കായികമേഖലയിലും ഉള്‍പ്പെടെ എല്ലാരംഗങ്ങളിലും അവരുടെ മുദ്ര രേഖപ്പെടുത്തകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ഇന്ത്യയില്‍ നടക്കുന്ന കോവിഡ് വാക്‌സിനേഷനെക്കുറിച്ചും മന്‍കി ബാത്തില്‍ പ്രധാനമന്ത്രി പ്രതിപാദിച്ചു. 'ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതിയാണ് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ജൗന്‍പുരില്‍ 109 വയസ്സുള്ള സ്ത്രീ വാക്‌സിന്‍ സ്വീകരിച്ചു. അതുപോലെ ഡല്‍ഹിയില്‍ 107 വയസ്സുള്ളയാളും സ്വമേധയാ വാക്‌സിന്‍ സ്വീകരിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. 

Content Highlights: pm modi man ki baat he remembers janata curfew