ന്യൂഡല്‍ഹി: കൈക്കൂലി വിവാദവുമായി ബന്ധപ്പെട്ട് സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരെ സിബിഐ തന്നെ കേസെടുത്ത സാഹചര്യത്തില്‍ സിബിഐയിലെ ഉന്നത ഉദ്യോഗസ്ഥരെ പ്രധാനമന്ത്രി വിളിച്ചുവരുത്തി. സിബിഐ ഡയറക്ടര്‍ അലോക് വര്‍മയേയും രാകേഷ് അസ്താനയേയുമാണ് പ്രധാനമന്ത്രി വിളിച്ചുവരുത്തിയത്.

ഇത്തരം കേസുകളില്‍ സര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട അനുമതി സിബിഐ നേടിയില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു. രാകേഷ് അസ്താനയ്‌ക്കെതിരെ നടപടിയെടുക്കണമെങ്കില്‍ സര്‍ക്കാര്‍ അനുമതി വേണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. സിബിഐയിലെ ഏറ്റവും ഉയര്‍ന്ന പദവികളിലുള്ള രണ്ട് പേര്‍ തമ്മിലുള്ള ശീതസമരം ദിവസങ്ങളായി ചര്‍ച്ചയില്‍ നിറയുന്നതിനിടെയാണ് പ്രധാനമന്ത്രി ഇരുവരേയും വിളിപ്പിച്ചത്‌.

സിബിഐ ഡയറക്ടര്‍ അലോക് വര്‍മയ്‌ക്കെതിരെ ആരോപണങ്ങളുന്നയിച്ചുകൊണ്ട് സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താന സര്‍ക്കാരിന് കത്തയച്ചിരുന്നു. അസ്താനയോടൊപ്പം ജോലി ചെയ്തിരുന്ന സിബിഐ ഉദ്യോഗസ്ഥന്‍ ദേവേന്ദര്‍ കുമാറിനെ ഇതിനിടെ സിബിഐ അറസ്റ്റ് ചെയ്തു.

ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായി സതീഷ് സനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അസ്താനയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. കള്ളപ്പണക്കേസില്‍നിന്ന് ഒഴിവാക്കാനായി അസ്താനയ്ക്ക് ഇയാള്‍ അഞ്ച് കോടി രൂപ കൈക്കൂലിയായി നല്‍കിയെന്നാണ് ആരോപണം.

നേരത്തെ സംഭവത്തില്‍ മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നു. പ്രധാനമന്ത്രിയുടെ കണ്ണിലുണ്ണി സിബിഐയില്‍ രണ്ടാമനായി നുഴഞ്ഞുകയറി ഇപ്പോള്‍ കൈക്കൂലിക്കേസില്‍ പിടിക്കപ്പെട്ടുവെന്നായിരുന്നു രാഹുലിന്റെ പരിഹാസം.