ജെപി നഡ്ഡ |ഫോട്ടോ:twitter.com|BJP4India
പനജി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനാധിപത്യത്തിന്റെ പ്രവര്‍ത്തന ശൈലി മാറ്റിയെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ. പ്രധാനമന്ത്രി അന്താരാഷ്ട്ര വിഷയങ്ങളേക്കുറിച്ച് സംസാരിക്കുമ്പോള്‍ ലോകം ഇപ്പോള്‍ ഉറ്റുനോക്കുകയാണെന്നും നഡ്ഡ കൂട്ടിച്ചേര്‍ത്തു. ഗോവ ബിജെപിയുടെ 10 വര്‍ഷത്തെ ഭരണത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ജനാധിപത്യത്തിന്റെ പ്രവര്‍ത്തന ശൈലിയില്‍ ഇപ്പോള്‍ മാറ്റമുണ്ട്. ഈ മാറ്റം സംഭവിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി മൂലമാണെന്ന് നിങ്ങള്‍ മനസ്സിലാക്കണം. ഞാനിതൊരു പ്രസംഗത്തിനിടയില്‍ പറയുന്ന കാര്യമല്ല. ആളുകളെ ആകര്‍ഷിക്കുന്നതിനായി പ്രസംഗങ്ങള്‍ നടത്തുന്നതായിരുന്നു നേരത്തെയുള്ള ശൈലി. സമൂഹത്തിലെ പ്രശ്നങ്ങള്‍ തിരഞ്ഞെടുത്ത് വിഭാഗീയത സൃഷ്ടിച്ച് പരസ്പരം പോരടിപ്പിച്ചിരുന്നു. വൈകാരിക പ്രശ്നങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയിരുന്നു. വോട്ട്ബാങ്ക് രാഷ്ട്രീയത്തിലാണ് അവര്‍ മുഴുകിയിരുന്നത്. സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ ചാമ്പ്യനാകുകയും അവരുടെ വോട്ട് നേടുകയും ചെയ്യുക. അഴിമതിയിലൂടെ സമ്പാദിച്ച പണം കൊണ്ട് വീട് നിറയ്ക്കുക. അടുത്ത ഊഴത്തിനായി കാത്തിരിക്കുക. ഇതായിരുന്നു രാഷ്ട്രീയ സംസ്കാരം', നഡ്ഡ പറഞ്ഞു.
മോദി പ്രധാനമന്ത്രിയായി വന്നതോടെ ജനങ്ങളുടെ ആശങ്കകളിലേക്കും ക്ഷേമത്തിലേക്കും ശ്രദ്ധ തിരിച്ചു. മുന്‍ സര്‍ക്കാരുകള്‍ അധികാരം മാത്രം ലക്ഷ്യമിട്ടപ്പോള്‍ അടല്‍ജിയുടേയും മോദിയുടേയും നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ ജനസേവനത്തിനാണ് മുന്‍ഗണന നല്‍കിയതെന്ന് നിങ്ങള്‍ മനസ്സിലാക്കണം.
നമ്മെ അഴിമതിക്കാരുടെ ഒരു പിന്നാക്ക രാജ്യമായിട്ടാണ് കണക്കാക്കിയിരുന്നത്. അതില്‍ നിന്നാണ് നാം ഇപ്പോള്‍ ഉള്ള നിലയിലേക്കെത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വിഷയങ്ങളില്‍ മോദി സംസാരിക്കുന്നത് ലോകം ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതാണ് ഇന്നത്തെ അവസ്ഥയെന്നും നഡ്ഡ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..