ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വികസനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഫാര്‍മ പ്ലാന്റുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം തുടരുന്നു. അഹമ്മദാബാദിലെ സൈഡസ് ബയോടെക് പാര്‍ക്കില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
വാക്‌സിന്‍ വികസനത്തിന്റെ പുരോഗതിയെക്കുറിച്ചും നടപടിക്രമങ്ങളെക്കുറിച്ചും കമ്പനി പ്രതിനിധികൾ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. കമ്പനിയുടെ പരിശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സൈഡസ് കാഡില വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ സികോവ്-ഡിയുടെ ആദ്യഘട്ട വാക്‌സിന്‍ പരീക്ഷണം പൂര്‍ത്തിയായി. രണ്ടാം ഘട്ടം ഓഗസ്തില്‍ ആരംഭിച്ചുവെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു.
'ഡിഎന്‍എ അടിസ്ഥാനമാക്കി സൈഡസ് കാഡില വികസിപ്പിക്കുന്ന വാക്‌സിന്‍ വിതരണത്തെക്കുറിച്ച് കൂടുതലറിയാനായി അഹമ്മദാബാദിലെ സൈഡസ് ബയോപാര്‍ക്ക് സന്ദര്‍ശിച്ചു. അവരുടെ പ്രവര്‍ത്തനങ്ങളുടെ പിന്നിലെ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. വാക്‌സിന്‍ വിതരണത്തെ പിന്തുണയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കമ്പനികള്‍ക്കൊപ്പമുണ്ട്' പ്രധാനമന്ത്രി സന്ദര്‍ശനത്തിന് ശേഷം ട്വീറ്റ് ചെയ്തു.
രാജ്യത്തെ മൂന്ന് കോവിഡ് പ്രതിരോധ വാക്സിന്‍ നിര്‍മാണ ഫാര്‍മ പ്ലാന്റുകളായ സൈഡസ് കാഡില, ഭാരത് ബയോടെക്ക്, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നത്.
അഹമ്മദാബാദ് നഗരത്തിന് സമീപമായുളള ചാങ്കോദര്‍ വ്യാവസായിക മേഖലയിലാണ് സൈഡസ് കാഡിലയുടെ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. സൈഡസ് കാഡില ബയോപാര്‍ക്കിലെ സന്ദര്‍ശനത്തിനുശേഷം ഹൈദരാബാദിലെത്തി ഭാരത് ബയോടെക്കിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി. കോവിഡിനെതിരെ ഐ.സി.എം.ആറുമായി സഹകരിച്ച് കോവാക്സിന്‍ വികസിപ്പിക്കുന്നത് ഭാരത് ബയോടെക്കാണ്.
Content Highlights: PM Modi hails Zydus Biotech Park team’s work after visit, to visit Bharat Biotech facility next