അഹമ്മദാബാദ്: രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ അവകാശങ്ങളും വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കുക എന്ന ഉത്തരവാദിത്വം നല്ലരീതിയില്‍ അത് നിറവേറ്റിയെന്ന് ഗുജറാത്ത് ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ തപാല്‍ സ്റ്റാംപ് പ്രകാശനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ ഭരണഘടനയെ നീതിന്യായ വ്യവസ്ഥ ശക്തിപ്പെടുത്തി. കോവിഡ് മഹാമാരിക്കിടെ ലോകത്തെ വിവിധ രാജ്യങ്ങളിലെ കോടതികള്‍ നടത്തിയതിനെക്കാള്‍ കൂടുതല്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയുള്ള വിചാരണകള്‍ നടത്തിയത് ഇന്ത്യയിലെ സുപ്രീം കോടതിയാണ്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ ഭാവിയെ മുന്നില്‍ക്കണ്ട് നവീകരിക്കുന്നതിന്റെ ഭാഗമായി നിര്‍മിത ബുദ്ധി അടക്കമുള്ളവ പ്രയോജനപ്പെടുത്തും.

നമ്മുടെ ഭരണഘടനയെ സംരക്ഷിക്കാന്‍ സുപ്രീം കോടതി ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും പറയാന്‍ കഴിയും. ജനങ്ങളുടെ അവകാശം സംരക്ഷിക്കുന്ന കാര്യത്തിലും, വ്യക്തി സ്വാതന്ത്ര്യം ഉറപ്പാക്കുന്ന വിഷയത്തിലും രാജ്യതാത്പര്യത്തിന് മുന്‍ഗണന നല്‍കേണ്ട സന്ദര്‍ഭത്തിലും രാജ്യത്തെ നീതിന്യായ വ്യവസ്ഥ ഉത്തരവാദിത്വം തിരിച്ചറിയുകയും അത് ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്.

നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം സത്യത്തിനുവേണ്ടി നിലകൊള്ളാനുള്ള കരുത്ത് സാധാരണക്കാരന് നല്‍കി. ഡിജിറ്റല്‍ ഇന്ത്യ ജുഡീഷ്യറിയെ അതിവേഗം നവീകരിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ന് രാജ്യത്തെ 18,000 കോടതികള്‍ കമ്പ്യൂട്ടര്‍വത്കരിച്ചു കഴിഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിങ്, ടെലി കോണ്‍ഫറന്‍സിങ് വഴിയുള്ള കോടതി നടപടികള്‍ക്ക് സുപ്രീം കോടതി പവിത്രത നല്‍കിക്കഴിഞ്ഞു. രാജ്യത്തെ എല്ലാ കോടതികളിലും ഇ-പ്രൊസീഡിങ്ങുകള്‍ അതിവേഗം തുടങ്ങുകയാണ്. കേസുകളുടെ ഇ- ഫയലിങ്, കേസ് വിവരങ്ങള്‍ ലഭ്യമാക്കാന്‍ ക്യൂ.ആര്‍ കോഡ് സംവിധാനം എന്നിവ നീതി നിര്‍വഹണത്തിന് പുതിയ ദിശാബോധം നല്‍കുന്നു. ഹൈക്കോടതികളിലും ജില്ലാ കോടതികളിലും ഇ-സേവാ കേന്ദ്രങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇ-അദാലത്തുകളും ജനങ്ങള്‍ക്ക് അതിവേഗം നീതി ലഭ്യമാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്, സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എം.ആര്‍ ഷാ, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രം നാഥ്, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Content Highlights: PM Modi hails country's judiciary for safeguarding people's rights