ന്യൂഡല്‍ഹി: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് നല്‍കിയ പരാതി പരിശോധിച്ച് വരികയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. അഹമ്മദാബാദില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രധാനമന്ത്രി മോദി പെരുമാറ്റച്ചട്ടം ലംഘിച്ച് റോഡ് ഷോ നടത്തിയെന്നാണ് കോണ്‍ഗ്രസിന്റെ പരാതി.

വ്യാഴാഴ്ച വൈകീട്ട് ഇതുസംബന്ധിച്ച പരാതി ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചു. പരാതി പരിശോധിച്ചശേഷം കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഉമേഷ് സിന്‍ഹ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ടെലിവിഷന്‍ അഭിമുഖം സംബന്ധിച്ച പരാതിയില്‍ രാഹുല്‍ഗാന്ധിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

അഞ്ച് ദിവസത്തിനകം മറുപടി ആവശ്യപ്പപെട്ട് രാഹുലിന് നോട്ടീസ് അയയ്ക്കുക മാത്രമാണ് ചെയ്തത്. ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നയിച്ച മറ്റു പരാതികളും പരിഗണിച്ച് വരികയാണ്. ഗുജറാത്തിലെ ചീഫ് ഇലക്ട്രല്‍ ഓഫീസറോട് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഉമേഷ് സിന്‍ഹ പറഞ്ഞു.