ന്യൂഡല്‍ഹി: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സ്ത്രീകളുടെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഉത്പന്നങ്ങള്‍ വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തില്‍നിന്ന് ചിരട്ടയില്‍ നിര്‍മിച്ച നിലവിളക്കാണ് മോദി ഓണ്‍ലൈന്‍ ഷോപ്പിങ്ങിലൂടെ വാങ്ങിയത്.

ഇന്ത്യയെ ആത്മനിര്‍ഭര്‍ ആക്കുന്നതില്‍ വനിതകള്‍ സുപ്രധാനമായ പങ്കാണ് വഹിക്കുന്നതെന്ന് മോദി ട്വീറ്റ് ചെയ്തു. സ്ത്രീകള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് നാം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

താന്‍ വാങ്ങിയ ഉത്പന്നങ്ങളും കരകൗശല വസ്തുക്കളുടെ വിശദാംശങ്ങളും മോദി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങളില്‍നിന്നും വാങ്ങിയ വിവിധ വസ്തുക്കളോടൊപ്പം കേരളത്തില്‍നിന്ന് ഓര്‍ഡര്‍ ചെയ്ത ചിരട്ടകൊണ്ട് നിര്‍മിച്ച നിലവിളക്കിന്റെ ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

കേരളത്തിലെ വനിതകള്‍ നിര്‍മിച്ച തെങ്ങില്‍നിന്നുള്ള ഉല്‍പന്നം കൊണ്ട് നിര്‍മിച്ച നിലവിളക്ക് എത്തിച്ചേരാന്‍ പ്രതീക്ഷിച്ചിരിക്കുകയാണ്. നാടന്‍ കരകൗശലവിദ്യകളും ഉല്‍പന്നങ്ങളും സംരക്ഷിക്കുന്നതിലും ജനപ്രിയമാക്കുന്നതിലും നമ്മുടെ രാജ്യത്തെ സ്ത്രീകള്‍ നടത്തുന്ന പ്രയത്‌നം എടുത്തുപറയേണ്ടതാണ്, മോദി ട്വീറ്റ് ചെയ്തു. 

തമിഴ്നാട്ടിലെ തോഡ ഗോത്രത്തിലെ കരകൗശലത്തൊഴിലാളികള്‍ കൈകൊണ്ട് നിര്‍മിച്ച എംബ്രോയിഡറി ഷാള്‍, നാഗാലാന്‍ഡില്‍ നിന്നുള്ള പരമ്പരാഗത ഷാള്‍, കരകൗശല ഗോണ്ട് പേപ്പര്‍ പെയിന്റിങ്, ഖാദി കോട്ടണ്‍ മധുബനി പെയിന്റഡ് ഷോള്‍, പശ്ചിമ ബംഗാളില്‍ നിന്നുള്ള കൈകൊണ്ട് നിര്‍മ്മിച്ച ജ്യൂട്ട് ഫയല്‍ ഫോള്‍ഡര്‍, അസമിലെ കകതിപപുങ് ഡവലപ്മെന്റ് ബ്ലോക്കിലെ സ്വാശ്രയ ഗ്രൂപ്പുകള്‍ നിര്‍മ്മിച്ച ഗാമുസ തുടങ്ങിയവയൊക്കെ മോദി വാങ്ങിയിട്ടുണ്ട്.

Content Highlights: PM Modi goes shopping online, tweets list- He wanted to send a message to women