ജയ്പുർ: ദീപാവലി പ്രസംഗത്തിനിടെ ചൈനയ്ക്കെതിരേ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അധിനിവേശം മാനസികവൈകല്യമാണെന്നും അധിനിവേശ ശക്തികൾ 18-ാം നൂറ്റാണ്ടിലെ വികലമായ മാനസികാവസ്ഥയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ശക്തികൾ ഇന്ത്യയുടെ സഹിഷ്ണുത മുതലെടുക്കുകയാണെന്നും എന്നാൽ അതിർത്തികളിൽ ഭീഷണിയുണ്ടായാൽ രാജ്യത്തെ സൈനികർ തക്ക മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജസ്ഥാനിലെ ജെയ്‌സാല്‍മറില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതിനിടെയാണ് ചൈനയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി സംസാരിച്ചത്. 

മറ്റുള്ളവരെ മനസിലാക്കുകയും കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്യുന്ന നയത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നത്. പക്ഷേ, ഞങ്ങളുടെ നിശ്ചയദാർഢ്യം പരീക്ഷിക്കാനുള്ള ശ്രമം നടത്തിയാൽ രാജ്യം അതിന് ശക്തമായ മറുപടി നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതിർത്തികൾ സംരക്ഷിക്കുന്നതിൽനിന്ന് നമ്മുടെ സൈനികരെ തടയാൻ ലോകത്തെ ഒരു ശക്തിക്കും കഴിയില്ല. അതിനെ വെല്ലുവിളിക്കുന്നവർക്ക് ഉചിതമായ തിരിച്ചടി നൽകി ഇന്ത്യ ശക്തി തെളിയിച്ചതാണ്. രാജ്യത്തിന്റെ താൽപര്യങ്ങളിൽ ഒരു വീട്ടുവീഴ്ചയ്ക്കും ഇന്ത്യ തയ്യാറല്ലെന്ന് ലോകത്തിന് ബോധ്യമായിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞായഴ്ച ഷാങ്ഹായ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയും ചൈനയ്ക്കും പാകിസ്താനും പ്രധാനമന്ത്രി സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു.

രാജസ്ഥാനിലെ ജെയ്സല്‍മേറിലെ ലോങ്കേവാലയിലാണ് മോദി ഇത്തവണ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചത്. രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികര്‍ക്ക് അദ്ദേഹം ആദരാജ്ഞലി അര്‍പ്പിച്ചു. സൈനികരാണ് രാജ്യത്തിന്റെ ഏറ്റവും ശക്തിയെന്ന് താന്‍ അടിയുറച്ച് വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. സൈനികര്‍ക്ക് മധുരം വിതരണം ചെയ്ത പ്രധാനമന്ത്രി ലോങ്കേവാലയിലെ മ്യൂസിയം സന്ദര്‍ശിക്കുകയും ടാങ്കില്‍ യാത്ര ചെയ്യുകയും ചെയ്തു.

 

Content Highlights:pm modi diwali speech warning against china