താനെ:  നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ശിവസേന ദേശീയ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ.  രാജ്യം നിര്‍മിച്ചത് മോദിയാണെന്നും ഇവിടത്തെ രാഷ്ട്രപിതാവ് മോദിയാണെന്ന ഭാവമാണ് ബിജെപിക്കെന്നുമാണ് താക്കറെയുടെ വിമര്‍ശം. 

താനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു താക്കറെ. കള്ളപ്പണം പുറത്തുകൊണ്ടുവരാനാണ് നോട്ട് നിരോധിച്ചത്. പക്ഷെ കള്ളപ്പണക്കാര്‍ക്ക് കുഴപ്പമൊന്നും ഉണ്ടായില്ല. 

പകരം സാധാരണക്കാരായ ജനങ്ങള്‍ വളരെയധികം ബുദ്ധിമുട്ടി. നോട്ട് നിരോധിച്ചതില്‍ ബുദ്ധിമുട്ടിയോ എന്ന് തന്നോട് ചോദിച്ചാല്‍ മറുപടി അതെ എന്നു തന്നെയായിരിക്കും. കാരണം ജനങ്ങള്‍ ക്യൂവില്‍ വലയുന്നത് കണ്ടപ്പോള്‍ എനിക്ക് വേദനയുണ്ടാക്കി. 

സാധാരണക്കാരായവര്‍ മരിച്ചു വീണപ്പോള്‍ അതും തനിക്ക് സങ്കടമുണ്ടാക്കി. ഇതിലും വലിയ ബുദ്ധിമുട്ട് എന്താണെന്നും താക്കറെ ചോദിച്ചു.

 മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെയും താക്കറെ വിമര്‍ശനം ഉന്നയിച്ചു.. ഫഡ്‌നാവിസ് ഇവിടെ മോദിക്കു പഠിക്കുകയാണെന്നും മഹാരാഷ്ട്ര നിര്‍മിച്ചത് അദ്ദേഹമാണെന്ന ഭാവമാണ് കാണിക്കുന്നതെന്നും താക്കറെ പറഞ്ഞു.

മഹാരാഷ്ട്രയില്‍ എന്‍.ഡി.എ സഖ്യകക്ഷിയായിരുന്ന ശിവസേന കഴിഞ്ഞ തിരഞ്ഞെടുപ്പോടെ സഖ്യം വിട്ട് ഒറ്റയ്ക്ക് മത്സരിച്ചിരുന്നു. എന്നാല്‍ കേന്ദ്രത്തില്‍ ശിവസേന ഇപ്പോഴും എന്‍.ഡി.എയുടെ ഭാഗമാണ്.