ധൂലെ(മഹാരാഷ്ട്ര): ഇന്ത്യ-പാക് അതിര്‍ത്തിയിലെ സ്ഥിഗതികള്‍ സമീപകാലത്തെ ഏറ്റവും സങ്കീര്‍ണമായ അവസ്ഥയിലാവുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്റെ പൊതുജന സമ്പര്‍ക്ക അഭ്യാസങ്ങള്‍ നിര്‍ത്തിവെക്കാന്‍ കഴിയുന്നില്ലെന്ന് രാഹുല്‍ ഗാന്ധി. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു രാഹുലിന്റെ പരിഹാസം.

അതാണ് മോദിയും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസം. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ ഒറ്റക്കെട്ടാണെന്ന് മാധ്യമങ്ങളോട് പറഞ്ഞ മോദി ഉടന്‍ തന്നെ കോണ്‍ഗ്രസിനെ ആക്രമിക്കുകയാണ് ചെയ്തത്. പവിത്രമായ പരിപാടികള്‍ പോലും മോദി കോണ്‍ഗ്രസ് വിമര്‍ശനത്തിനായി ഉപയോഗിക്കുകയാണ്. പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് താന്‍ നടത്തിയ പ്രതികരണം വ്യത്യസ്തമായിരുന്നു. വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് എല്ലാ രാഷ്ട്രീയപ്രവര്‍ത്തകരോടും താന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു. എന്നാല്‍ ഈ സമയത്തെല്ലാം ബി.ജെ.പി ചെയ്തത് വെറുപ്പും അക്രമവും പ്രചരിപ്പിക്കുക എന്നതായിരുന്നെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു

പുല്‍വാമ ഭീകരാക്രമണം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയവത്കരിക്കാനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ആരോപണവുമായി പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു. പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി പാകിസ്താനിലെ ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണം കര്‍ണാടകയില്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ ബി.ജെ.പിയെ സഹായിക്കുമെന്നുള്ള ബി.ജെ.പി നേതാവ് യെദ്യൂരപ്പയുടെ പ്രസ്താവന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് ആക്കംകൂട്ടിയിരുന്നു. 

പുല്‍വാമ ഭീകരാക്രമണം നടന്ന സമയം മുതല്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ഭീകരാക്രമണത്തിന്റെ സമയത്ത് ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ തന്നെ കുറിച്ചുള്ള ഡോകുമെന്ററി ചിത്രീകരണത്തിലായിരുന്ന മോദി ഭീകരാക്രമണ വാര്‍ത്ത അറിഞ്ഞതിന് ശേഷവും അത് തുടര്‍ന്നു എന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പിന്നീട് ഇക്കാര്യം നിഷേധിച്ചു.

തുടര്‍ന്ന് വ്യോമസേന പൈലറ്റ് അഭിനന്ദന്‍ പാക് പിടിയിലായതുമായി ബന്ധപ്പെട്ട ആശങ്കകളുടെ സമയത്തും പ്രധാനമന്ത്രി ബി.ജെ.പി പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫ്രന്‍സ് നടത്തുകയായിരുന്നെന്നായിരുന്നു പ്രതിപക്ഷ നേതാക്കന്മാരില്‍ ചിലരുടെ ആരോപണം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളായിരുന്നു ഇത്തരത്തില്‍ ആരോപണവുമായി രംഗത്തെത്തിയവരില്‍ പ്രമുഖന്‍. വീഡിയോ കോണ്‍ഫ്രന്‍സിങ് പരിപാടി മാറ്റിവെക്കണം എന്നാവശ്യപ്പെട്ട കെജ്രിവാള്‍ ഈ സമയത്തെ എല്ലാ ഊര്‍ജവും അഭിനന്ദിന്റെ സുരക്ഷ ഉറപ്പാക്കുന്നതിലേക്ക് മാറ്റിവെക്കണമെന്നും വ്യക്തമാക്കിയിരുന്നു.

content highlights: PM Modi Can't Let Go Of His PR Exercise Even For 5 Minutes says Rahul Gandhi