ന്യൂഡല്‍ഹി: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള തിരക്കില്‍ ആഗോള വിപണിയില്‍ ഇന്ധന വില കുറഞ്ഞ കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി അറിഞ്ഞില്ലെന്ന് രാഹുല്‍ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി മധ്യപ്രദേശ് വിഷയത്തില്‍ മോദിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.
ജനാധിപത്യ സംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറിനെ വീഴ്ത്താനുള്ള തിരക്കിലായതിനാല്‍ മോദി സര്‍ക്കാറിന് ആഗോളവിപണിയില്‍ ഇന്ധന വിലയില്‍ 35 ശതമാനം കുറവുണ്ടായ വിവരം അറിയാന്‍ കഴിഞ്ഞില്ലെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു.
ആഗോള വിപണിയിലുണ്ടായ ഈ വിലയിടിവിന്റെ ഗുണം ഇന്ത്യക്കാര്‍ക്ക് ലഭിക്കാനായി പെട്രോള്‍ വില 60 രൂപയിലും താഴെയായി കുറയ്ക്കണമെന്നും രാജ്യത്തെ തകര്‍ന്ന സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഗോളവിപണിയില്‍ ഇന്ധനവില കുത്തനെ കുറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഇന്ധന വിലയില്‍ കാര്യമായ കുറവുണ്ടായില്ല. ഈ പശ്ചാത്തലത്തിലാണ് രാഹുല്‍ മോദിക്കെതിരെ വിമര്‍ശനവുമായി രംഗത്തുവന്നത്.
രാഹുല്‍ ഗാന്ധിയുമായി ഏറെ അടുപ്പമുണ്ടായിരുന്ന ജ്യോതിരാതിദ്യ സിന്ധ്യ പാര്‍ട്ടി വിട്ടതിനുശേഷം വിഷയത്തില്‍ രാഹുല്‍ ഗാന്ധി നടത്തുന്ന ആദ്യ പ്രതികരണമാണിത്. മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ച് പരാമര്‍ശിച്ചെങ്കിലും വിശ്വസ്ഥന് പാര്‍ട്ടി വിട്ടതിനെക്കുറിച്ച് രാഹുല്‍ ഗാന്ധി ഒന്നും പ്രതികരിച്ചില്ലെന്നതും ശ്രദ്ധേയമാണ്.
Content Highlight: PM Modi busy taking down MP govt, says Rahul Gandhi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..