ന്യൂഡൽഹി: കോവിഡിനെതിരേയുള്ള പോരാട്ടത്തിലും ഗവേഷണത്തിലും രാജ്യങ്ങള്‍ സംയോജിതമായി പദ്ധതികളാവിഷ്‌കരിക്കേണ്ട ആവശ്യകതയെ കുറിച്ച് പ്രധാനമന്ത്രിയും ബില്‍ഗേറ്റ്‌സും തമ്മില്‍ ചര്‍ച്ച നടത്തി. വ്യാഴാഴ്ച നടന്ന ചര്‍ച്ചയില്‍  ലോകത്തിന്റെ പൊതു നേട്ടത്തിനായി ഇന്ത്യയുടെ കഴിവുകള്‍ എങ്ങനെ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താമെന്നതു സംബന്ധിച്ച സംസാരവും ഉണ്ടായി.

"ബിവല്‍ഗേറ്റ്‌സുമായി വിപുലമായ രീതിയില്‍ ആശയവിനിമയം നടത്തി. കൊറോണ വൈറസിനെതിരേ പോരാടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍, കൊറോണക്കെതിരേയുള്ള പോരാട്ടങ്ങളില്‍ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍, കൊറോണയെ നേരിടാനുള്ള സാങ്കേതിക വിദ്യയുടെ പങ്ക്, വാക്‌സിന്‍ നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു" എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

കൃത്യമായ സന്ദേശം നല്‍കി ജനങ്ങളുമായി ആശയവിനിമയം നടത്തിയുള്ള സമീപനമാണ് കൈക്കൊണ്ടത്‌. ശാരീരിക അകലം പാലിച്ചും കോവിഡിന്റെ മുന്‍നിര പോരാളികളോടുള്ള ആദരവ് പ്രകടിപ്പിച്ചും , മുഖംമൂടി ധരിക്കുക, ശരിയായ ശുചിത്വം പാലിക്കുക, ലോക്ക് ഡൗണ്‍ വ്യവസ്ഥകളെ ബഹുമാനിക്കുക എന്നീ കാര്യങ്ങളില്‍ ജനങ്ങളെ ബോധവത്കരിക്കാനായി.  ഇത്തരത്തില്‍ ജനങ്ങളെ കേന്ദ്രീകരിച്ചുള്ള താഴെക്കിടയിലുള്ള പ്രവര്‍ത്തനം എങ്ങനെയാണ് സഹായിച്ചതെന്നും പ്രധാനമന്ത്രി മോദി വിശദീകരിച്ചു.

ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും ഗേറ്റ്‌സ് ഫൗണ്ടേഷന്‍ നടത്തുന്ന ആരോഗ്യ സംബന്ധിയായ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു.  ലോകത്തിന്റെ പൊതു നേട്ടത്തിനായി ഇന്ത്യയുടെ കഴിവുകളും നേട്ടങ്ങളും എങ്ങനെ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താമെന്നതു സംബനധിച്ച നിര്‍ദേശവും അദ്ദേഹം ഗേറ്റ്‌സില്‍ നിന്ന് തേടി.

ഗ്രാമീണ മേഖലയിലെ ആരോഗ്യ സേവന രംഗത്തെ ഇന്‍ഡ്യയുടെ സവിശേഷ മാതൃക, സര്‍ക്കാര്‍ വികസിപ്പിച്ച ഫലപ്രദമായ കോണ്‍ടാക്റ്റ്-ട്രേസിംഗ് മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രചരിപ്പിക്കല്‍, വാകസിന്‍ വികസിപ്പിക്കല്‍ എന്നിവയും ഇരുവരും പരസ്പരം ചര്‍ച്ച ചെയ്തു.

കോവിഡിനാനന്തര ലോകത്ത് ജീവിതശൈലി, സാമ്പത്തിക സംഘടന, സാമൂഹിക മനോഭാവം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവയിലെ ആവശ്യമായ മാറ്റങ്ങളെ കുറിച്ച് വിശകലനം ചെയ്യുന്നതില്‍  ഗേറ്റ്‌സ് ഫൗണ്ടേഷന് നേതൃത്വം നല്‍കാമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.

സ്വന്തം അനുഭവങ്ങളെ അടിസ്ഥാനമാക്കി ഇത്തരമൊരു വിശകലനം നടത്തുന്നതില്‍ ഇന്ത്യക്ക് സന്തോഷമാണെന്നും അദ്ദേഹം പറഞ്ഞു.

content highlights: PM Modi Billgates Covid Conversation