ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ നരേന്ദ്രമോദി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ തന്റെ ഔദ്യോഗിക ചുമതലകളിലേക്ക് പ്രവേശിച്ചു. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് സൂരോണ്‍ബെ ജീന്‍ബെകോവുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളേയും സംബന്ധിക്കുന്ന പ്രധാനവിഷയങ്ങളിലൂന്നിയായിരുന്ന ചര്‍ച്ച എന്ന് ഔദ്യോഗികവൃത്തം അറിയിച്ചു. 

പ്രധാനമന്ത്രി വെള്ളിയാഴ്ച ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് അബ്ദുള്‍ ഹമീദ്, ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, മൗറിഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജഗ്നൗത്, നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി, ഭൂട്ടാന്‍ പ്രധാനമന്ത്രി ലോട്ടായ് ഷെറിങ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 10.30 നും 11 50 നും ഇടയ്ക്കാണ് കൂടിക്കാഴ്ചയ്ക്കുള്ള സമയം നിശ്ചയിച്ചിരിക്കുന്നത്. 

നരേന്ദ്രമോദി രണ്ടാമതും പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുമ്പോള്‍ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുക്കാന്‍ വിവിധ രാഷ്ട്രത്തലവന്മാരും രാഷ്ട്രീയ രംഗത്തെ പ്രമുഖരും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും എത്തിച്ചേര്‍ന്നിരുന്നു. 58 മന്ത്രിമാരാണ് പ്രധാനമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്. 

 

Content Highlights: PM Modi Back to Work Within Minutes of Taking Oath