ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയാൻ. ഹോളിവുഡ് താരം ജെയിസ് ബോണ്ടിന്റെ സിനിമാ പോസ്റ്ററിൽ മോദിയുടെ ചിത്രം ഉൾപ്പെടുത്തിയായിരുന്നു ഡെറിക് ഒബ്രിയാന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ജയിംസ് ബോണ്ടിന്റെ വിഖ്യാതമായ '007' എന്ന സംഖ്യയും പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 'ദേ കോൾ മി 007' എന്നാണ് പോസ്റ്ററിലെ കുറിപ്പ്.

0 - വികസനം, 0 - സാമ്പത്തിക വളർച്ച, 7 - വർഷത്തെ സാമ്പത്തിക പിടിപ്പുകേട് എന്നിങ്ങനെയാണ് അദ്ദേഹം 007 എന്ന സംഖ്യയെ വ്യാഖ്യാനിക്കുന്നത്.

രാജ്യത്തെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളിൽ നേരത്തെയും ഇത്തരത്തിൽ പരിഹാസവുമായി ഡെറിക് ഒബ്രിയാൻ രംഗത്തെത്തിയിരുന്നു. പാർലിമെന്റിൽ മതിയായ ചർച്ചകൾ ഇല്ലാതെ നിരവധി ബില്ലുകൾ വേഗത്തിൽ പാസാക്കിയെടുക്കുന്നതിനെതിരെ 'സാലഡ്' ഉണ്ടാക്കുന്നത് പോലെ കേന്ദ്രം ബില്ലുകൾ പാസാക്കിയെടുക്കുന്നു എന്ന് അദ്ദേഹം പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെ ഡെറിക് ഒബ്രിയാനെതിരെ കേന്ദ്രമന്ത്രിമാരടക്കം രൂക്ഷമായി പ്രതികരിച്ചിരുന്നു.