ജയ്പുര്‍:കോവിഡ് പ്രതിസന്ധിക്കിടയിലും തെരുവുമൃഗങ്ങളെ പരിപാലിക്കുന്നതിനായി മുന്നട്ടിറങ്ങിയ വിരമിച്ച സൈനിക ഉദ്യോഗസ്ഥ മേജര്‍ പ്രമീള സിങ്ങിനെയും അച്ഛനെയും പ്രശംസിച്ച് പ്രധാനമന്ത്രി. 

തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന മൃഗങ്ങള്‍ക്ക് ഭക്ഷണവും ചികിത്സയും എത്തിച്ചാണ് രാജസ്ഥാനിലെ കോട്ട സ്വദേശിയായ പ്രമീളയും അച്ഛന്‍ ശ്യാംവീര്‍ സിങ്ങും സമൂഹത്തിന് മാതൃകയായത്. സ്വന്തം സമ്പാദ്യമാണ് ഇതിനായി ഇവര്‍ ചെലവഴിച്ചത്. 

''നേരത്തേ കാണുകയോ അനുഭവിക്കുകയോ പോലും ചെയ്യാത്ത ബുദ്ധിമുട്ടുകളോടാണ് കഴിഞ്ഞ ഒന്നരവര്‍ഷക്കാലമായി നാം അങ്ങേയറ്റം മനക്കരുത്തോടെ പൊരുതിക്കൊണ്ടിരിക്കുന്നത്. മനുഷ്യര്‍ക്കു മാത്രമല്ല, അവരോടടുത്തു ജീവിക്കുന്ന മൃഗങ്ങള്‍ക്കും ഇതൊരു പ്രതിസന്ധി ഘട്ടം തന്നെയാണ്. ഇങ്ങനെയൊരു സാഹചര്യത്തില്‍ സഹാനുഭൂതിയോടെ പെരുമാറാനും അവരെ സഹായിക്കാനും കഴിയുന്നത് അഭിനന്ദനീയമാണ്' - പ്രമീളയ്‌ക്കെഴുതിയ കത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. മനുഷ്യ വര്‍ഗത്തിന്റെ അന്തസ്സുയര്‍ത്തുന്ന പ്രവൃത്തിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നേരത്തേ തന്റെ തെരുവുമൃഗപരിപാലനം സംബന്ധിച്ച് പ്രമീള പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ലോക്ക്ഡൗണില്‍ ആരംഭിച്ച മൃഗപരിപാലനം താന്‍ ഇപ്പോഴും തുടരുന്നതായും അവര്‍ സൂചിപ്പിച്ചിരുന്നു. മൃഗങ്ങളുടെ ദൈന്യതയെ കുറിച്ച് പരാമര്‍ശിച്ച കത്തില്‍ തെരുവ് മൃഗങ്ങളെ സംരക്ഷിക്കുന്നതിനായി ആളുകള്‍ മുന്നോട്ടുവരേണ്ടതുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

 

Content Highlights: PM Modi appreciates retired army officer for taking care of stray animals