ന്യൂഡല്‍ഹി: രാജ്യത്തോട് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മോദിയുടെ ക്ഷമാപണം. 

'സത്യസന്ധമായ മനസ്സോടെ രാജ്യത്തോട് ക്ഷമാപണം നടത്തുന്നു. കാര്‍ഷിക നിയമങ്ങളെക്കുറിച്ച് ഒരുവിഭാഗം കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായി പ്രഖ്യാപിക്കുന്നു. ഈ മാസം ആരംഭിക്കുന്ന പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍ ഇതിനുള്ള നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കും' - മോദി പറഞ്ഞു.  

വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന സുപ്രധാന പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. നിയമം നടപ്പിലാക്കി ഒരുവര്‍ഷത്തിന് ശേഷമാണ്  പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. നിയമങ്ങള്‍ക്കെതിരേ സമരമുഖത്തുള്ള കര്‍ഷകര്‍ സമരം അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. 

രാജ്യത്തെ കര്‍ഷകരുടെ വേദന മനസിലാക്കുന്നു. കര്‍ഷകരെ സഹായിക്കാന്‍ ആത്മാര്‍ഥതയോടെയാണ് കേന്ദ്രം പുതിയ നിയമങ്ങള്‍ കൊണ്ടുവന്നത്. കര്‍ഷകരുടെ നന്‍മയ്ക്ക് വേണ്ടിയായിരുന്നു ഇത്. എന്നാല്‍ ചില കര്‍ഷകര്‍ക്ക് അത് മനസിലാക്കാന്‍ സാധിച്ചില്ലെന്നും മോദി പറഞ്ഞു. 

പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത്.

content highlights: PM Modi apologised, government failed to convince a section of farmers