ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെ വൈറലായിരിക്കുകയാണ് മാസങ്ങള്‍ക്ക് മുമ്പുള്ള രാഹുല്‍ഗാന്ധിയുടെ ട്വീറ്റ്. 'എന്റെ വാക്കുകള്‍ കുറിച്ചുവെച്ചോളൂ, കര്‍ഷകവിരുദ്ധ നിയമങ്ങള്‍ സര്‍ക്കാരിന് പിന്‍വലിക്കേണ്ടിവരും', ഈ വർഷം ആദ്യം രാഹുല്‍ കുറിച്ചതാണ് ഈ വാക്കുകള്‍. ഇതിന്‍റെ സ്ക്രീന്‍ഷോട്ടുകളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

2021 ജനുവരി 14-നാണ് മാധ്യമങ്ങളോട് സംസാരിക്കുന്ന ചെറിയ വീഡിയോ സഹിതം രാഹുല്‍ഗാന്ധി ഇക്കാര്യം ട്വീറ്റ് ചെയ്തത്. 'കര്‍ഷകര്‍ ഇപ്പോള്‍ നടത്തുന്ന സമരത്തില്‍ എനിക്ക് അഭിമാനംതോന്നുന്നു. അവര്‍ക്ക് എന്റെ പൂര്‍ണപിന്തുണയുണ്ട്. ഇനിയും അവരോടൊപ്പംനില്‍ക്കും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകും, എന്റെ വാക്കുകള്‍ കുറിച്ചുവെച്ചോളൂ' എന്നാണ് 22 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ രാഹുല്‍ഗാന്ധി പറയുന്നത്. 

വെള്ളിയാഴ്ച പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതോടെ രാഹുല്‍ഗാന്ധിയുടെ ഈ ട്വീറ്റും വീഡിയോയും സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്തു. നിരവധിപേരാണ് ജനുവരിയില്‍ പുറത്തുവന്ന ഈ വീഡിയോ റീട്വീറ്റ് ചെയ്തിരിക്കുന്നത്.

വെള്ളിയാഴ്ച രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് വിവാദമായ മൂന്ന് കാര്‍ഷികനിയമങ്ങളും പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചത്. ഗുരുനാനാക്ക് ജയന്തി ദിനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകരുടെ സമരം തുടരുന്നതിനിടെയായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനം. വിവാദ നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. 

Content Highlights: pm modi announced to withdraw farmers laws rahul gandhis old tweet goes viral