റായ്ബറേലി: രാജ്യത്തെ ദുര്‍ബലപ്പെടുത്താനുള്ള ശക്തികള്‍ക്കൊപ്പം നില്‍ക്കുകയാണ് കോണ്‍ഗ്രസ്സെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹെലികോപ്ടര്‍ അഴിമതിയില്‍ പ്രതിയായ ക്രിസ്റ്റ്യന്‍ മിഷേലിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ അഭിഭാഷകനെ അയച്ചത് രാജ്യം കണ്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. റായ്ബറേലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ഇതാദ്യമായാണ് മോദി കോണ്‍ഗ്രസ് തട്ടകമായ റായ്ബറേലി സന്ദര്‍ശിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ റായ്ബറേലിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും മുന്‍ സര്‍ക്കാരുകള്‍ മണ്ഡലത്തെ അവഗണിക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. റായ്ബറേലിയില്‍ 1,100 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മോദി തറക്കല്ലിട്ടു. റായ്ബറേലിയിലെ കോച്ച് ഫാക്ടറിയില്‍ നിര്‍മ്മിച്ച 900-ാമത്തെ കോച്ച് അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്യുകയും ചെയ്തു.

  • രാജ്യത്തിന് ഇന്ന് രണ്ട് ഭാഗങ്ങളാണ് ഉള്ളത്. ഒരു ഭാഗത്ത് സര്‍ക്കാര്‍ സൈന്യത്തെയും രാജ്യത്തെത്തന്നെയും ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നു. മറുഭാഗത്ത് വിരുദ്ധശക്തികള്‍ സൈന്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നു. ആ ശക്തികള്‍ക്കൊപ്പം നില്‍ക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. 
  • പ്രതിരോധത്തില്‍ കോണ്‍ഗ്രസിന്റെ ചരിത്രം ക്വത്‌റോച്ചി അങ്കിളിനൊപ്പമുള്ളതാണ്. കുറച്ച് ദിവസം മുമ്പാണ് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലിക്കോപ്റ്റര്‍അഴിമതിക്കേസില്‍ പ്രതിയായ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ രാജ്യത്തേക്ക് കൊണ്ടുവന്നത്. അയാളെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് എങ്ങനെയാണ് അഭിഭാഷകനെ അയച്ചതെന്ന് രാജ്യം കണ്ടതാണ്.
  • നമുക്ക് രാജ്യമാണ് പാര്‍ട്ടിയെക്കാള്‍ വലുത്. ഞാന്‍ രാജ്യത്തോട് പറയാന്‍ ആഗ്രഹിക്കുകയാണ്, രാജ്യസുരക്ഷയുടെ കാര്യം വരുമ്പോള്‍ സൈന്യത്തിന്റെ, സൈനികരുടെ ഒക്കെ കാര്യം വരുമ്പോള്‍ എന്‍ഡിഎ സര്‍ക്കാര്‍ ദേശീയതാല്പര്യം മാത്രമേ നോക്കുകയുള്ളു. 

content highlights: PM Modi addresses rally in Rae Bareli,Narendra Modi, Modi Government, Congress