ന്യൂഡല്‍ഹി: മന്ത്രിസഭാ വികസനം ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായുള്ള വിലയിരുത്തലുകള്‍ക്കായി നടത്തുന്ന യോഗങ്ങളുടെ തുടക്കം എന്ന നിലയിലാണ് ഇന്നത്തെ യോഗമെന്നാണ് റിപ്പോര്‍ട്ട്.

തുടര്‍ യോഗങ്ങളില്‍ പ്രധാനമന്ത്രി മറ്റു മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലുകളും ഇതിന്റെ ഭാഗമായി നടക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2019-ല്‍ മോദി വീണ്ടും അധികാരത്തിലെത്തിയതിനു ശേഷം ഇതുവരെ മന്ത്രിസഭ പുനഃസംഘടിപ്പിക്കപ്പെട്ടിരുന്നില്ല. 

മന്ത്രാലയത്തിന്റെ പ്രകടനവും അടുത്തഘട്ടത്തില്‍ നടപ്പാക്കേണ്ട കാര്യങ്ങളെ കുറിച്ചും കൂടിക്കാഴ്ചയില്‍ മോദിയും മന്ത്രിമാരും ചര്‍ച്ച നടത്തും. നിരവധി മന്ത്രാലയങ്ങള്‍ ഒരുമിച്ച് കൈകാര്യം ചെയ്യുന്ന മന്ത്രിമാരുടെ ഉത്തരവാദിത്തങ്ങള്‍ ലഘൂകരിക്കാനും പ്രധാനമന്ത്രി ആലോചിക്കുന്നുണ്ട്. കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ കുറവ്, പ്രതിപക്ഷ ആക്രണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുഖംമിനുക്കല്‍ അനിവാര്യമെന്ന ചിന്ത, കോവിഡ് ആഘാതത്തില്‍ തളര്‍ന്ന വിവിധ മേഖലകള്‍ക്ക് പുനരുജ്ജീവനം നല്‍കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ ഘടകങ്ങളാണ് പുനഃസംഘടനയിലേക്ക് നയിച്ചിരിക്കുന്നത്. കേരളത്തില്‍നിന്ന് പുതിയ അംഗങ്ങള്‍ കേന്ദ്രമന്ത്രിസഭയില്‍ എത്താനിടയുണ്ടെന്നാണ് വിവരം. 

ഉത്തര്‍ പ്രദേശ് മന്ത്രിസഭയിലും 2022-ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ പാര്‍ട്ടി ഘടനയിലും മാറ്റങ്ങള്‍ വരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയുടെ വാര്‍ത്തയും എത്തുന്നത്. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാവിലെ മോദിയുമായും ഉച്ചയ്ക്കു ശേഷം നഡ്ഡയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നല ആദിത്യനാഥ് അമിത് ഷായെയും കണ്ടിരുന്നു.

Content Highlights: PM Meets Amit Shah, BJP Chief Amid Buzz Over Possible Cabinet Expansion