പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം | https://twitter.com/narendramodi
ന്യൂഡല്‍ഹി: ഉഷ്ണകാലത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. സാധാരണക്കാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ദുരന്തനിവാരണ സേനാംഗങ്ങള്‍ക്കുമുള്ള ബോധവത്കരണ സാമഗ്രികള്‍ നിര്‍മ്മിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.
കാലവര്‍ഷ പ്രവചനത്തേക്കുറിച്ചും റാബി വിളകള്‍ക്കുമേല്‍ കാലാവസ്ഥയുടെ സ്വാധീനത്തേക്കുറിച്ചും ആരോഗ്യസംവിധാനങ്ങളുടെ തയ്യാറെടുപ്പുകളെക്കുറിച്ചും വേനലുമായി ബന്ധപ്പെട്ട ദുരന്ത ലഘൂകരണ നടപടികളെക്കുറിച്ചും അധികൃതര്‍ അദ്ദേഹത്തോട് വിവരിച്ചു. ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിനോട് ഓരോ ദിവസത്തേയും കാലാവസ്ഥാ പ്രവചനം തയ്യാറാക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. എല്ലാ ആശുപത്രികളിലും വിശദമായ ഫയര്‍ ഓഡിറ്റ് നടത്താനും അദ്ദേഹം ആവശ്യപ്പെട്ടു.
കാട്ടുതീ നേരിടുന്നതിനുള്ള നടപടികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. ഉയര്‍ന്ന താപനിലയെ നേരിടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കാന്‍ പ്രത്യേകം ക്ലാസുകള്‍ നല്‍കണം. ചൂട് കാലാവസ്ഥയില്‍ ചെയ്യാവുന്നതും അല്ലാത്തതുമായ കാര്യങ്ങളെക്കുറിച്ച്, സാധ്യമായ എല്ലാ രീതികളിലും അവബോധം നല്‍കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇതിനായി പരസ്യങ്ങളും ലഘുലേഖകളും തയ്യാറാക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി.
കന്നുകാലിത്തീറ്റ, അണക്കെട്ടുകളിലെ ജലത്തിന്റെ ലഭ്യത എന്നിവ ഉറപ്പാക്കണം. ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ചുവെക്കാന്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയോട് നിര്‍ദ്ദേശിച്ചു. യോഗത്തില്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ആരോഗ്യ- കുടുംബക്ഷേമ സെക്രട്ടറി, ദേശീയ ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ എന്നിവര്‍ പങ്കെടുത്തു.
Content Highlights: PM Holds Meeting On Hot Weather
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..