
പ്രധാനമന്ത്രി നരേന്ദ്ര മോദി | Photo: ANI
ന്യൂഡല്‍ഹി: ഓര്‍ത്തോഡോക്സ്, യാക്കോബായ സഭകള്‍ തമ്മില്‍ ഉള്ള തര്‍ക്കവും കേസുകളും കോടതി വിധികളും വ്യക്തിപരമായി താന്‍ പഠിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഉറപ്പ്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഓര്‍ത്തോഡോക്സ്, യാക്കോബായ സഭാ പ്രതിനിധികളും ആയി നടത്തിയ ചര്‍ച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഓര്‍ത്തോഡോക്സ്, യാക്കോബായ സഭകള്‍ തമ്മിലുള്ള തര്‍ക്ക പരിഹാരത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉടന്‍ നിര്‍ദേശങ്ങള്‍ ഉണ്ടാകാനിടയില്ല. സുപ്രീം കോടതി വിധി നിലനില്‍ക്കുന്നതിനാല്‍ നിയമ വശങ്ങള് കൂടി പരിഗണിച്ച് കൊണ്ട് മാത്രമേ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇടപെടലുകള്‍ ഉണ്ടാകുകയുള്ളൂ. ഇതിനായി പ്രധാനമന്ത്രിയുടെ ഓഫീസ് ഭരണഘടന വിദഗ്ദ്ധരുമായും കൂടിയാലോചനകള്‍ നടത്തും.
വരും ദിവസങ്ങളില്‍ കേരളത്തില്‍ നിന്നുള്ള കൂടുതല്‍ ക്രൈസ്തവ മതമേലധ്യക്ഷന്മാരെ പ്രധാനമന്ത്രി കാണുന്നുണ്ട്. ഈ കൂടികാഴ്ചകളില്‍ സഭാ തര്‍ക്കം പരിഹരിക്കുന്നതിന് അവരുടെ നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി ആരായും. കേരളത്തിന് പുറത്തുള്ള ചില ക്രൈസ്തവ മതമേലധ്യക്ഷന്മാരുടെ അഭിപ്രായവും തേടിയേക്കും. അവരുടെ എല്ലാം നിര്‍ദേശങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചാകും കേന്ദ്ര സര്‍ക്കാര്‍ സമവായ നിര്‍ദേശം മുന്നോട്ട് വയ്ക്കുക. ന്യൂനപക്ഷ മത വിഭാഗത്തിന്റെ കാര്യത്തില്‍ ഏകപക്ഷീയമായ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുത്തുവെന്ന വ്യാഖ്യാനം പോലും ഒഴിവാക്കാന്‍ ആണ് വിശാലമായ കൂടി ആലോചനകള്‍ നടത്താന്‍ ഉള്ള തീരുമാനം.
ഓര്‍ത്തോഡോക്സ്, യാക്കോബായ വിഭാഗങ്ങളുമായി തുടര്‍ ചര്‍ച്ചകള്‍ക്ക് ശ്രീധരന് പിള്ളയെയും, വി മുരളീധരനെയും പ്രധാനമന്ത്രി ചുമതലപെടുത്തി എന്ന വാര്‍ത്ത കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നിഷേധിച്ചു. കേരളത്തിലെ ക്രൈസ്തവ സഭകള്‍ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ശ്രീധരന് പിള്ളയും മുരളീധരനും ഉണ്ടെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപെട്ടതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി
ഇരു സഭകളുടെയും നിലപാടുകള്‍ കേള്‍ക്കുന്നതിന് 40 മിനുട്ട് വീതമാണ് പ്രധാനമന്ത്രി ചെലവഴിച്ചത്. ഓര്‍ത്തോഡോക്സ്, യാക്കോബായ സഭകളിലെ വൈദികര്‍ തങ്ങളുടെ നിലപാടുകളും, സഭാ തര്‍ക്കത്തിന്റെ ചരിത്രവും, കോടതി വിധികളും സംബന്ധിച്ച വിശദമായ കുറിപ്പ് വെവ്വേറെ പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.
സഭാ തര്‍ക്ക കേസില്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയില്‍ ഉള്ള സുപ്രീം കോടതി ബെഞ്ച് 2017ല്‍ പുറപ്പടിവിച്ച വിധി നടപ്പിലാക്കി കിട്ടാന്‍ ഉള്ള സഹായം ആണ് ഓര്‍ത്തോഡോക്സ് പക്ഷ വൈദികര്‍ പ്രധാനമന്ത്രിയോട് തേടിയത്. എന്നാല്‍ തങ്ങളുടെ പൂര്‍വികര്‍ ഉള്‍പ്പടെ അന്ത്യവിശ്രമം കൊള്ളുന്ന പള്ളികളില്‍ സ്വന്തം പ്രാര്‍ത്ഥന ഉള്‍പ്പടെ ഉള്ള ആചാരങ്ങള്‍ നടത്താന്‍ ഉള്ള സഹായം ആണ് യാക്കോബായ വിഭാഗം തേടിയത്. സ്വീകാര്യമായ പ്രശ്ന പരിഹാരം എന്തായിരിക്കണം എന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിന് കൃത്യമായ മറുപടി ഇരു വിഭാഗങ്ങള്‍ക്കും ഇല്ലായിരുന്നു.
നാല്പത് മിനുട്ട് നീണ്ടു നിന്ന ചര്‍ച്ചയില്‍ പ്രശ്ന പരിഹാരത്തിന് ഉള്ള നിര്‍ദ്ദേശങ്ങളോ സൂചനകളോ പോലും പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ഓര്‍ത്തോഡോക്സ് സഭയെ പ്രതിനിധീകരിച്ച് സിനഡ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറസ്, കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്തനാസിയോസ്, ഡല്‍ഹി ഭദ്രാസന മെത്രോപ്പോലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് എന്നിവര്‍ ആണ് പ്രധാനമന്ത്രിയും ആയുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്.
യാക്കോബായ സഭയെ പ്രതിനിധീകരിച്ച് മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് , സുന്നഹദോസ് സെക്രട്ടറി തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പൊലീത്ത, കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പൊലീത്ത എന്നിവരാണ് പ്രധാനമന്ത്രിയെ കണ്ടത്. വൈദികര്‍ക്ക് ഒപ്പം ചര്‍ച്ചകളില്‍ മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന് പിള്ളയും പങ്കെടുത്തു. പ്രധാനമന്ത്രി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരനും ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു.
Content Highlight: PM holds discussions with Kerala Syrian Church Dispute
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..