ന്യൂഡല്‍ഹി: പാകിസ്താനിലും ചൈനയിലും പോകാന്‍ സമയം കണ്ടെത്തുന്ന പ്രധാനമന്ത്രി മോദിക്ക് പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ സന്ദര്‍ശിക്കാന്‍ സമയമില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര. കര്‍ഷകരാണ് അദ്ദേഹത്തെ വോട്ടുചെയ്ത് അധികാരത്തിലേറ്റിയതെന്നും ഉത്തര്‍പ്രദേശിലെ സഹരണ്‍പൂരില്‍ നടന്ന കിസാന്‍ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്യവെ അവര്‍ പറഞ്ഞു. സമരജീവികളെന്ന് വിളിച്ച് കര്‍ഷകരെ പ്രധാനമന്ത്രി അപമാനിച്ചുവെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

രാജ്യത്തെ സ്വയംപര്യാപ്തയില്‍ എത്തിച്ച കര്‍ഷകരെ പുതിയ കാര്‍ഷിക നിയമങ്ങള്‍ ദുരിതത്തിലേക്ക് തള്ളിവിട്ടു. കേന്ദ്ര സര്‍ക്കാരിന് കര്‍ഷകരെയോ അവര്‍ ഉന്നയിക്കുന്ന ആവശ്യം എന്താണെന്നോ മനസിലാക്കാന്‍ കഴിയുന്നില്ല.

സമരം ചെയ്യുന്ന കര്‍ഷകരെ അവര്‍ തീവ്രവാദികളെന്നും ഭീകരവാദികളെന്നും വിളിക്കുന്നു. കര്‍ഷകരെ അവര്‍ സംശയിക്കുന്നു. എന്നാല്‍ കര്‍ഷകര്‍ക്ക് ഒരിക്കലും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കാനാവില്ല. കര്‍ഷകരുടെ ഹൃദയവും അവര്‍ ചെയ്യുന്ന ജോലിയും എക്കാലത്തും രാജ്യത്തിനു വേണ്ടിയാണ്. രാത്രിയും പകലും അവര്‍ രാജ്യത്തിനുവേണ്ടി കൃഷിയിടത്തില്‍ ജോലി ചെയ്യുന്നു. അവര്‍ക്ക് എങ്ങനെ രാജ്യത്തെ വഞ്ചിക്കാനാവുമെന്നും പ്രിയങ്ക ചോദിച്ചു.

ജനങ്ങള്‍ കൂട്ടംകൂടുന്നത് തടയാന്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ നിലനില്‍ക്കെയാണ് സഹരണ്‍പൂരില്‍ കിസാന്‍ മഹാപഞ്ചായത്ത് നടന്നത്. പഞ്ചാബിലെയും ഹരിയാണയിലെയും കര്‍ഷകര്‍ തുടങ്ങിവച്ച സമരത്തിന്റെ പുതിയ കേന്ദ്രമായി സഹരണ്‍പുര്‍ മാറിയതോടെ ജില്ലാ ഭരണകൂടം ബുധനാഴ്ച രാവിലെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഉത്തര്‍പ്രദേശിലെ 27 ജില്ലകളില്‍ കോണ്‍ഗ്രസ് നടത്തിയ 'ജയ് ജവാന്‍, ജയ് കിസാന്‍' പ്രചാരണ പരിപാടിയുടെ ഭാഗമായാണ് മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്. യുപിയില്‍ അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ഷക സമരത്തിന് കോണ്‍ഗ്രസ് വന്‍ പിന്തുണയാണ് നല്‍കുന്നത്.

Content Highlights: PM had time to visit Pakistan and China, but not farmers - Priyanka