ഷില്ലോങ്: താഴ്ന്ന വരുമാനക്കാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കുന്നതിനായി ആരംഭിച്ച പ്രധാനമന്ത്രി ഭാരതീയ ജന്‍ഔഷധി പരിയോജനയുടെ ഭാഗമായി 7500 മത് ജന്‍ ഔഷധി കേന്ദ്രം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ രാജ്യത്തിന് സമര്‍പ്പിച്ചു. പദ്ധതിയെ കുറിച്ച് ജനങ്ങളില്‍ കൂടുതല്‍ അവബോധമുണ്ടാക്കുന്നതിനായി മാര്‍ച്ച് ഒന്ന് മുതല്‍ ഏഴ് വരെ നടത്തിയ ജന്‍ ഔഷധി വാരാഘോഷത്തിന്റെ അവസാന ദിവസമായ ഞായറാഴ്ച നോര്‍ത്ത് ഈസ്‌റ്റേണ്‍ ഇന്ദിരാ ഗാന്ധി റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ സയന്‍സസില്‍ നടന്ന ചടങ്ങിലാണ് ജന്‍ ഔഷധി കേന്ദ്രം പ്രധാനമന്ത്രി കൈമാറിയത്.

ഔഷധങ്ങള്‍ക്ക് വില വളരെ കൂടുതലായതിനാലാണ് പാവപ്പെട്ടവര്‍ക്കായി സര്‍ക്കാര്‍ ഈ പദ്ധതി ആരംഭിച്ചതെന്ന് ഗുണഭോക്താക്കളുമായി നടത്തിയ ആശയസംവാദത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ (മോദി കി ദുകാന്‍)നിന്ന് കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭിക്കുന്ന അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജനങ്ങളോട് മോദി ആവശ്യപ്പെടുകയും ചെയ്തു. ജന്‍ ഔഷധി പദ്ധതിയുടെ കീഴില്‍ സ്ത്രീകള്‍ക്ക് സാനിറ്ററി പാഡുകള്‍ രണ്ടര രൂപയ്ക്ക് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

രാജ്യത്താകമാനമായി നടത്തുന്ന പദ്ധതി ജനങ്ങള്‍ക്കായുള്ള സേവനമാണെന്നും ഇത് യുവജനങ്ങള്‍ക്ക്  തൊഴിലവസരം സൃഷ്ടിക്കുന്നതായും മോദി പറഞ്ഞു. 75 മരുന്നുകള്‍ രാജ്യത്തെ ജന്‍ ഔഷധി കേന്ദ്രങ്ങളിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും മോദി അറിയിച്ചു. വിപണി നിരക്കിനേക്കാള്‍ 50-90 ശതമാനം വിലക്കുറവിലാണ് ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വഴി മരുന്നുകള്‍ ലഭിക്കുന്നത്.  2020-21 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് 3,600 കോടി രൂപ ലാഭിക്കാനായതായും പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു. 

Content Highlights: PM dedicates 7500th Janaushadhi Kendra sanitary pads at Rs 2.5 Modi Ki Dukan