കൊല്‍ക്കത്ത: വോട്ടെടുപ്പിന് ശേഷം പശ്ചിമ ബംഗാളിലെ ക്രമസമാധാന നില തകര്‍ന്നത് ബംഗാള്‍ ഗവര്‍ണ്ണറോട് ചര്‍ച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ടെടുപ്പിന് ശേഷമുള്ള അക്രമത്തില്‍ കുറഞ്ഞത് 12 പേരാണ് സംസ്ഥാനത്തു മരിച്ചത്. ഇത് ഒരു മാസം നീണ്ടുനിന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്. 

ക്രമസമാധാനനില തകരാറിലാവുന്നതില്‍ പ്രധാനമന്ത്രി കടുത്ത ദുഃഖവും ആശങ്കയും പ്രകടിപ്പിച്ചതായി ഗവര്‍ണര്‍ ജഗദീപ് ധങ്കര്‍ ട്വീറ്റ് ചെയ്തു. ''തീവെപ്പ്, കൊള്ള, കൊലപാതകം, അക്രമം, ഗുണ്ടായിസം നശീകരണപ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം തടസ്സമില്ലാതെ തുടരുന്നതില്‍ ഞാന്‍ ആശങ്ക പ്രകടിപ്പിക്കുന്നു." മുഖ്യമന്ത്രി മമത ബാനര്‍ജിയെ ടാഗുചെയ്തുകൊണ്ടുള്ള ട്വീറ്റില്‍ ഗവര്‍ണ്ണര്‍ കുറിച്ചു.

അക്രമത്തെക്കുറിച്ച് സി.ബി.ഐ. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്‌ ബി.ജെ.പി. നേതാവ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ബി.ജെ.പി. പ്രവര്‍ത്തകരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്തുവെന്ന് അദ്ദേഹം സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ ഇന്ന് രണ്ട് ദിവസത്തെ സംസ്ഥാന സന്ദര്‍ശനത്തിനെത്തും. അക്രമത്തില്‍ മരിച്ച പാര്‍ട്ടി പ്രവര്‍ത്തകരുടെ കുടുംബങ്ങളെ അദ്ദേഹം സന്ദര്‍ശിക്കുമെന്നും ബി.ജെ.പി. പറഞ്ഞു.

എന്നാല്‍, പ്രധാനമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്ന തരത്തിലുള്ള പ്രതികരണങ്ങളും പുറത്തു വരുന്നുണ്ട്. "പ്രധാനമന്ത്രി ബംഗാളിലെ രാഷ്ട്രീയ അതിക്രമങ്ങളെ തുടര്‍ന്ന്‌ ബംഗാള്‍ ഗവര്‍ണ്ണറെ വിളിച്ചിരിക്കുകയാണ്. ഈ നാട്യം നിര്‍ത്തൂ പ്രധാനമന്ത്രി.. എന്നിട്ട് കോവിഡ് വിഷയവുമായി ബന്ധപ്പെട്ട ഫോണ്‍കോളുകള്‍ വിളിക്കൂ." എന്നാണ് തൃണമൂല്‍ പാര്‍ട്ടിയില്‍ നിന്നുള്ള രാജ്യസഭാ എം.പി. ഡെറിക് ഒബ്രിയാന്‍ ട്വിറ്ററില്‍ പ്രതികരിച്ചത്. 

content highlights: PM Calls Bengal Governor to Express his Concern Over Post-Poll Violence