അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ,അമിത് ഷാ |Photo:PTI
ഗുവാഹാട്ടി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ഔദ്യോഗികപദവികള്‍ പൊതുപരിപാടിയില്‍ തെറ്റിച്ചുപറഞ്ഞ് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ വിവാദത്തിനു വഴിതുറന്നു. മോദിയെ ആഭ്യന്തരമന്ത്രിയെന്നും ഷായെ പ്രധാനമന്ത്രിയെന്നുമാണ് ശര്‍മ വിളിച്ചത്.
ഹിമന്ദയ്ക്ക് നാക്കുപിഴ പറ്റിയതാണെന്നാണ് ബി.ജെ.പി. പറയുന്നത്. എന്നാല്‍, അമിത്ഷായെ അടുത്ത പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. അസം സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടിയിലാണ് മുഖ്യമന്ത്രി അമിത് ഷായെ പ്രധാനമന്ത്രിയെന്നു വിളിച്ചത്. വേദിയില്‍ ഷാ ഉപവിഷ്ഠനായിരിക്കെയായിരുന്നു ഇത്. ''പ്രധാനമന്ത്രി അമിത് ഷായും നമ്മുടെ പ്രിയപ്പെട്ട ആഭ്യന്തരമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി. ദേശീയാധ്യക്ഷന്‍ ജെ.പി. നഡ്ഡയും നല്കുന്ന നേതൃത്വത്തിനും പ്രചോദനത്തിനും നന്ദി'' എന്നായിരുന്നു ശര്‍മയുടെ വാക്കുകള്‍.
പദവികള്‍ മാറ്റിപ്പറഞ്ഞതിനു പിന്നിലെ 'അജന്‍ഡ'യെ പ്രതിപക്ഷപാര്‍ട്ടികള്‍ ചോദ്യംചെയ്തു. 15 സെക്കന്‍ഡോളമുള്ള ഈ വിഡിയോക്ലിപ്പ് സാമൂഹിമാധ്യമങ്ങളില്‍ പങ്കുവെച്ച കോണ്‍ഗ്രസ് ബി.ജെ.പി. മുമ്പും ഇങ്ങനെ ചെയ്തിട്ടുണ്ടെന്ന് ഓര്‍മിപ്പിച്ചു. സര്‍ബാനന്ദ സോനോവാള്‍ അസം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മന്ത്രിയായിരുന്ന ഹിമന്ദ ബിശ്വ ശര്‍മയെ എം.പി. പല്ലബ് ലോചന്ദാസ് പലപ്പോഴും മുഖ്യമന്ത്രിയെന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഇതാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയത്.
അസം ജതീയ പരിഷത്തും (എ.ജെ.പി.) പ്രസംഗം ഗൂഢോദ്ദേശ്യത്തോടെയുള്ളതാണെന്ന് ആരോപിച്ചു. ശര്‍മയുടേത് നാക്കുപിഴയല്ലെന്നും തന്ത്രമാണെന്നും എ.ജെ.പി. വക്താവ് സിയാവുര്‍ റഹ്മാന് ട്വീറ്റ് ചെയ്തു. പല്ലബ് ലോചന്‍ദാസിന്റെ കാര്യം അദ്ദേഹവും ഓര്‍മപ്പെടുത്തി.
എന്നാല്‍, ശര്‍മയുടേത് വെറും അബദ്ധമാണെന്നും മാനുഷികമായ തെറ്റാണെന്നും മോദിയോ ഷായോ പോലും ഇതില്‍ ദേഷ്യപ്പെട്ടിട്ടില്ലെന്നും ബി.ജെ.പി. വക്താവ് രൂപം ഗോസ്വാമി പറഞ്ഞു.
Content Highlights: PM Amit Shah," Says Himanta Sarma
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..