ന്യൂഡല്‍ഹി: ഉദ്യോഗസ്ഥരുമായി നേരിട്ട് കോവിഡ് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്ത ലെഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലിനെതിരേ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരും മന്ത്രിമാരുമുള്ളപ്പോള്‍ അവരെ ഒഴിവാക്കി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്നത് ഭരണഘടനയ്ക്കും സുപ്രീം കോടതി വിധിക്കും എതിരാണെന്നും ജനാധിപത്യത്തെ ബഹുമാനിക്കാന്‍ തയ്യാറാകണമെന്നുമാണ് ഗവര്‍ണറോട് കെജ്രിവാള്‍ ആവശ്യപ്പെട്ടത്. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

"ജനാധിപത്യ പ്രിക്രിയയില്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത മന്ത്രിമാരാണ് ഡല്‍ഹിയിലുള്ളത്, താങ്കള്‍ക്ക് എന്ത് കാര്യത്തില്‍ സംശയമുണ്ടെങ്കിലും മന്ത്രിമാരോട് ചോദിക്കാം. ഉദ്യോഗസ്ഥരുമായി നേരിട്ട് ചര്‍ച്ച നടത്തുന്നത് ഒഴിവാക്കണം. ജനാധിപത്യത്തെ ബഹുമാനിക്കണം, സര്‍", കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

അനില്‍ ബൈജാലിന്റെ ട്വീറ്റിന് മറുപടിയായിട്ടാണ് കെജ്രിവാള്‍ രംഗത്ത് വന്നത്. ഡല്‍ഹിയിലെ കോവിഡ് സ്ഥിഗതികളും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തയ്യാറെടുപ്പും ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തുവെന്നായിരുന്നു അനില്‍ ബൈജാല്‍ ട്വീറ്റ് ചെയ്തത്.

Content Highlights: Pls respect democracy, Kejriwal on Anil baijal