ന്യൂഡല്‍ഹി: രാജ്യത്ത് സ്പെഷ്യാലിറ്റി സ്റ്റീല്‍ ഉല്‍പാദനത്തിനായി 6,322 കോടി രൂപയുടെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 2023-24 സാമ്പത്തിക വര്‍ഷം മുതല്‍ 2027-28 വരെ അഞ്ച് വര്‍ഷക്കാലമാണ് പദ്ധതിയുടെ കാലാവധി. സ്പെഷ്യാലിറ്റി സ്റ്റീല്‍ ഉത്പാദനത്തില്‍ 39,625 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി പ്രകാരം ഓരോ കമ്പനിക്കും 200 കോടി രൂപയുടെ മൂലധനവും ഉണ്ടാകും. വാര്‍ത്താ വിനിമയ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് ഉയര്‍ന്ന ഗ്രേഡ് സ്‌പെഷ്യാലിറ്റി സ്റ്റീലിന്റെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി. ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനൊപ്പം കയറ്റുമതി മെച്ചപ്പെടുത്തി, ഉയര്‍ന്ന നിലവാരമുള്ള സ്റ്റീലിനായി ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും പദ്ധതി വഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. 40,000 കോടി രൂപയുടെ അധിക നിക്ഷേപവും 25 മെട്രിക് ടണ്‍ ശേഷി വര്‍ധിപ്പിക്കാനും പദ്ധതി സഹായിക്കുമെന്നും കേന്ദ്രം പ്രസ്താവനയില്‍ പറഞ്ഞു.

രാജ്യത്തെ തൊഴിലില്ലായ്മ ഒരു പരിധിവരെ പരിഹരിക്കുന്നതിനും പദ്ധതി സഹായിക്കുമെന്ന് കേന്ദ്രം പ്രതീക്ഷക്കുന്നു. പദ്ധതി 5,25,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 68,000 തൊഴിലവസരങ്ങള്‍ നേരിട്ടുള്ളതായിരിക്കുമെന്നും കേന്ദ്രം കൂട്ടിച്ചേര്‍ത്തു. സ്‌പെഷ്യാലിറ്റി സ്റ്റീലിന്റെ ഇറക്കുമതിയിലുള്ള അസന്തുലിതാവസ്ഥ പരിഹരിക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. രാജ്യത്ത് ആവശ്യമായ സ്റ്റീലിന്റെ ഭൂരിഭാഗവും നിലവില്‍ ഇറക്കുമതി ചെയ്യുകയാണ്. ഇത് പരിഹരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Content Highlights: PLI Scheme Worth Rs 6,322 Cr Approved for Specialty Steel by Cabinet