ജാംനഗര്‍:  റഫാല്‍ വിഷയയത്തില്‍ കോണ്‍ഗ്രസിനെ വീണ്ടും വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. താനെന്താണ് പറഞ്ഞതെന്ന് മനസിലാക്കാന്‍ സാമാന്യ ബുദ്ധിയെങ്കിലും ഉപയോഗിക്കുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ചുകൊണ്ട് മോദി ആവശ്യപ്പെട്ടു. വ്യോമാക്രമണ സമയത്ത് റഫാല്‍ യുദ്ധവിമാനം കൈവശമുണ്ടായിരുന്നുവെങ്കില്‍ നമുക്ക് ഒരുയുദ്ധവിമാനവും നഷ്ടപ്പെടുമായിരുന്നില്ലെന്നും അവര്‍ രക്ഷപ്പെടുമായിരുന്നില്ലെന്നുമാണ് താന്‍ പറഞ്ഞതെന്നും മോദി വിശദീകരിച്ചു. 

റഫാല്‍ വിമാനം സമയത്ത് വാങ്ങിയിരുന്നുവെങ്കില്‍ അത് വലിയ വ്യത്യാസമുണ്ടാക്കുമായിരുന്നുവെന്ന് താന്‍ പറഞ്ഞു. എന്നാല്‍ പ്രതിപക്ഷം ആരോപിച്ചത് താന്‍ വ്യോമസേനയുടെ ശക്തിയെ ചോദ്യം ചെയ്യുകയാണെന്നാണ്- മോദി പറഞ്ഞു. 

കഴിഞ്ഞ ആഴ്ച ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ വെച്ചാണ് റഫാല്‍ വിമാനത്തിന്റെ കാര്യം മോദി പരാമര്‍ശിച്ചത്.റഫാല്‍ ഉണ്ടായിരുന്നെങ്കില്‍ വ്യോമാക്രമണത്തിന്റെ ഫലം വ്യത്യസ്തമാകുമായിരുന്നുവെന്ന് രാജ്യം മുഴുവന്‍ പറയുന്നുവെന്നാണ് മോദി പറഞ്ഞത്.

എന്നാല്‍ ഇതിനെതിരെ രംഗത്ത് വന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി റഫാല്‍ വിമാനങ്ങള്‍ സേനയ്ക്ക് ലഭിക്കാന്‍ വൈകുന്നതിന് കാരണം മോദിയാണെന്ന് കുറ്റപ്പെടുത്തിയിരുന്നു. വ്യോമസേനയുടെ 30,000 കോടി അനില്‍ അംബാനിക്ക് നല്‍കിയിട്ട് ലജ്ജയില്ലാതെ സംസാരിക്കുന്നുവെന്നും കാലഹരണപ്പെട്ട യുദ്ധവിമാനത്തില്‍ അഭിനന്ദന് പറക്കേണ്ടിവന്നതിന് കാരണക്കാരന്‍ മോദിയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. 

ഇതിന് മറുപടിയുമായാണ് മോദി രംഗത്ത് വന്നത്. റഫാല്‍ വിമാനം വാങ്ങുന്നതില്‍ അഴിമതി നടന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

Content Highlights: Please use common sense; what I said Modi Snaps Congress