ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യയിലെ കര്‍ഷകരുടെ ആശങ്കകള്‍ കൂടി ചര്‍ച്ചാ വിഷയമാക്കണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ട് കര്‍ഷക നേതാവ് രാകേഷ് ടികായത്‌. യുഎസ് പ്രസിഡന്റിനെ ടാഗ് ചെയ്ത് ട്വിറ്ററിലൂടെയാണ് ടികായത്തിന്റെ പ്രതികരണം. വൈറ്റ് ഹൗസില്‍ മോദി-ബൈഡന്‍ ഉഭയകക്ഷി ചര്‍ച്ച അല്‍പസമയത്തിനകം നടക്കാനിരിക്കെയാണ് ടികായതിന്റെ ട്വീറ്റ്. 

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കര്‍ഷക നിയമങ്ങളും രാജ്യത്തെ കര്‍ഷകരെ രക്ഷിക്കാന്‍ പിന്‍വലിച്ചേ മതിയാകുവെന്നും ഈ കറുത്ത നിയമങ്ങള്‍ക്കതിരേ പ്രതിഷേധിക്കുന്ന ഇന്ത്യയിലെ കര്‍ഷകരുടെ ആശങ്കകള്‍ മോദിയുമായുള്ള ചര്‍ച്ചയില്‍ പരിഗണിക്കണമെന്നും ടികായത്ത് ആവശ്യപ്പെട്ടു. ബൈഡന്‍ കര്‍ഷകര്‍ക്കായി സംസാരിക്കണം എന്ന ഹാഷ് ടാഗോടെയാണ് ട്വീറ്റ്. 

'പ്രിയപ്പെട്ട യുഎസ് പ്രസിഡന്റ്, മോദി സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കര്‍ഷക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്ന ഇന്ത്യയിലെ കര്‍ഷകരാണ് ഞങ്ങള്‍. കഴിഞ്ഞ 11 മാസമായി തുടരുന്ന പ്രതിഷേധത്തിനിടെ 700 കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടമായി. ഞങ്ങളെ രക്ഷിക്കാന്‍ ഈ കറുത്ത നിയമം പിന്‍വലിച്ചേ മതിയാകു. മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ കര്‍ഷകരുടെ ആശങ്കകള്‍ക്ക് കൂടി ദയവുചെയ്ത് ശ്രദ്ധ നല്‍കണം'. - ടികായത്ത് ട്വീറ്റ് ചെയ്തു. 

ഡല്‍ഹിയില്‍ മാസങ്ങളായി തുടരുന്ന കര്‍ഷക സമയത്തിന് പിന്തുണ നല്‍കാനായി ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടക്കുന്ന മോദിയുടെ പരിപാടിയില്‍ യുഎസിലുള്ള ഇന്ത്യക്കാര്‍ പ്രതിഷേധം സംഘടിപ്പിക്കണമെന്നും ടികായത്ത് നേരത്തെ ആവശ്യപ്പെട്ടിരുന്നു. 

content highlights: please focus on our concern while meeting PM Modi, Rakesh Tikaits tweet to Biden