ന്യൂഡല്‍ഹി: ചെറിയ കോവിഡ് രോഗലക്ഷണങ്ങളുമായി ആശുപത്രികളില്‍ കഴിയുന്നവരെ ഹോമിയോ മരുന്ന് നല്‍കി ചികിത്സിക്കാന്‍ ഹോമിയോ ഡോക്ടര്‍മാര്‍ക്ക് അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി.
ഗുരുതര രോഗാവവസ്ഥയില്‍ അലോപ്പതി ആശുപത്രിയില്‍ കഴിയുന്ന കോവിഡ് ബാധിതരെ, അവര്‍ക്ക് താല്‍പര്യം ഉണ്ടെങ്കില്‍ ഹോമിയോ മരുന്നുകള്‍ നല്‍കി ചികിത്സിക്കാന്‍ അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹോമിയോ ഡോക്ടര്‍മാരായ ഡോക്ടര്‍ രവി എം. നായര്‍, ഡോക്ടര്‍ അശോക് കുമാര്‍ ദാസ് എന്നിവരാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. നിലവില്‍ നല്‍കുന്ന പ്രതിരോധ മരുന്നുകള്‍ക്ക് പുറമെ ആര്‍സെനിക് ആല്‍ബം- ഫോസ്ഫറസ്- ട്യൂബര്‍ക്യൂലിനം സീരീസില്‍പ്പെട്ട മരുന്നുകള്‍ നല്‍കാന്‍ ആയുഷ് മന്ത്രാലയത്തോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹോമിയോ മരുന്നുകളുടെ ക്ലിനിക്കല്‍ പരിശോധന നടത്താന്‍ കേന്ദ്ര സര്‍ക്കാരിനോടും ആയുഷ് മന്ത്രാലയത്തോടും സംസ്ഥാന ആരോഗ്യ വകുപ്പുകളോടും നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ ആരോഗ്യ ഗവേഷണ കേന്ദ്രങ്ങളുമായി സഹകരിച്ച് കോവിഡിന് എതിരായ മരുന്നുകള്‍ കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അഭിഭാഷകന്‍ സുവിദത്ത് എം.എസ്. മുഖേന ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
content highlights: plea seeking permission to use homeo medicine for the treatment of covid patients