നിമിഷ പ്രിയ
ന്യൂഡല്‍ഹി: യമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷ ലഭിച്ച പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ കേന്ദ്രം നയതന്ത്ര തലത്തില്‍ നേരിട്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പുറപ്പടുവിച്ച ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ടാണ് സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.
വധശിക്ഷയ്ക്കെതിരേ അപ്പീല്‍ നല്‍കുന്നതിന് നിമിഷ പ്രിയക്കും ബന്ധുക്കള്‍ക്കും എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഈ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സിംഗിള്‍ ബെഞ്ച് സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കുകയും ചെയ്തിരുന്നു. എന്നാല്‍ യമനിലെ നിലനില്‍ക്കുന്ന രാഷ്ട്രീയ സാമൂഹിക സ്ഥിതികളുടെ പശ്ചാത്തലത്തില്‍ കേന്ദ്രം തന്നെ നയതന്ത്ര തലത്തില്‍ നേരിട്ട് ഇടപെട്ടാല്‍ മാത്രമേ നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുകയുള്ളൂ എന്നാണ് കൗണ്‍സിലിന് വേണ്ടി അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രന്‍ ഫയല്‍ ചെയ്ത അപ്പീലില്‍ വ്യക്തമാക്കിയിരിക്കുന്നത്.
കൊല്ലപ്പെട്ട യമന്‍ പൗരന്റെ ബന്ധുക്കളുമായി ബ്ലഡ് മണി സംബന്ധിച്ച് ചര്‍ച്ച നടത്തത്തുന്നതിന് പോകുന്ന ഇന്ത്യന്‍ സംഘത്തിന് യാത്രാനുമതി നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ബ്ലഡ് മണി ഇന്ത്യയില്‍ നിയമ വിധേയമല്ലാത്തതിനാല്‍ അതുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കാന്‍ കഴിയില്ലെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഉത്തരവിലെ ഈ ഭാഗവും ഭേദഗതി ചെയ്യണമെന്ന് അപ്പീലില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യെമനില്‍ ബ്ലഡ് മണി നിയമ സംവിധാനത്തിന്റെ ഭാഗമായതിനാല്‍ സര്‍ക്കാര്‍ നയതന്ത്ര തലത്തില്‍ ഇടപെടുന്നത് നിയമവിരുദ്ധമല്ലെന്നാണ് അപ്പീലില്‍ വിശദീകരിച്ചിരിക്കുന്നത്.
Content Highlights: plea seeking centre's direct intervention to help nimisha priya
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..