ശശി തരൂരും സുനന്ദ പുഷ്കറും (ഫയൽ ചിത്രം). photo: mathrubhumi
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂരിനെ കുറ്റവിമുക്തനാക്കിയതിനെതിരേ ഡല്‍ഹി പോലീസ് ഹര്‍ജി നല്കി. ഡല്‍ഹി ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ ഫെബ്രുവരി ഏഴിന് വിശദമായ വാദം കേള്‍ക്കാന്‍ ഹൈക്കോടതി തീരുമാനിച്ചു.
സുനന്ദ പുഷ്കര്‍ കേസില്‍ ഭര്‍ത്താവ് ശശി തരൂരിനെതിരെ കൊലക്കുറ്റം ചുമത്തിയില്ലെങ്കില്‍ ആത്മഹത്യാപ്രേരണ, ഗാര്‍ഹികപീഡന കുറ്റങ്ങള്‍ ചുമത്തണമെന്നായിരുന്നു ഡല്‍ഹി പോലീസ് വിചാരണ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ കുറ്റങ്ങള്‍ ചുമത്തുന്നതിന് ആവശ്യമായ തെളിവുകള്‍ ഇല്ലെന്ന് വ്യക്തമാക്കി ഡല്‍ഹി റോസ് അവന്യു കോടതിയിലെ പ്രത്യേക സി.ബി.ഐ. ജഡ്ജി ഗീതാഞ്ജലി ഗോയല്‍ തരൂരിനെ കുറ്റവിമുക്തനാക്കി. ഇതിനെതിരെയാണ് ഡല്‍ഹി പോലീസ് ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്.
ഡല്‍ഹി പോലീസിന്റെ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജി ദിനേശ് കുമാര്‍ ശര്‍മ്മ നോട്ടീസ് അയച്ചു. സി.ബി.ഐ. കോടതിയുടെ വിധിക്കെതിരേ പതിനഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് അപ്പീല്‍ ഫയല്‍ ചെയ്തതെന്ന് തരൂരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് വിനോദ് പഹ്വ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. ഹര്‍ജിയുടെ പകര്‍പ്പ് തങ്ങള്‍ക്ക് കൈമാറിയിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. ഹര്‍ജിയുടെ പകര്‍പ്പ് കേസുമായി ബന്ധമില്ലാത്ത മറ്റാര്‍ക്കും കൈമാറരുത് എന്ന തരൂരിന്റെ അഭിഭാഷകന്റെ ആവശ്യം ഡല്‍ഹി ഹൈക്കോടതി അംഗീകരിച്ചു. ഡല്‍ഹി പോലീസ് ചട്ടം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്തരം ഒരു ആവശ്യം തരൂരിന്റെ അഭിഭാഷകന് കോടതിയില്‍ ഉന്നയിച്ചത്.
2014 ജനുവരി പതിനേഴിനാണ് ഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലിലാണ് സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
Content Highlights: Plea in Delhi High Court against clean chit to Shashi Tharoor in Sunanda Pushkar death
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..