ന്യൂഡല്‍ഹി: പ്ലസ് വണ്‍ പരീക്ഷ ഓഫ്‌ലൈന്‍ ആയി നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി.  ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി നാളെ പരിഗണിക്കും. 

ആറ്റിങ്ങല്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനും കോണ്‍ഗ്രസ് കടയ്ക്കാവൂര്‍ മണ്ഡലം പ്രസിഡന്റുമായ റസൂല്‍ ഷാനാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ ടി.പി.ആര്‍. നിരക്ക് 15 ശതമാനത്തില്‍ അധികമാണ്. രാജ്യത്തെ മൊത്തം കോവിഡ് കേസുകളില്‍ അമ്പത് ശതമാനത്തില്‍ അധികം കേരളത്തിലാണ്. പ്ലസ് വണ്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ വാക്‌സിന്‍ സ്വീകരിച്ചവരല്ല. മോഡല്‍ പരീക്ഷ ഓണ്‍ലൈന്‍ ആയാണ് നടത്തിയത്. ഇനി രണ്ടാമത് ഒരു പരീക്ഷ ആവശ്യമില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

രാഷ്ട്രീയ നേട്ടത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഓഫ്ലൈന്‍ പരീക്ഷ നടത്തുമെന്നും അതിനാല്‍ കോടതി ഇടപെടണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. കേരളത്തില്‍ കോവിഡ് വ്യാപനം കൂടുകയാണെങ്കില്‍ അക്കാര്യം ശ്രദ്ധയില്‍പെടുത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന കോടതിയുടെ മുന്‍ ഉത്തരവും ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അഭിഭാഷകന്‍ പ്രശാന്ത് പദ്മനാഭന്‍ ആണ് ഹര്‍ജി ഫയല്‍ ചെയ്തത്.

content highlights: plea against decision to conduct plus one exam in offline mode