ന്യൂഡല്‍ഹി : പ്ലാസ്മ തെറാപ്പി കോവിഡ് മരണങ്ങള്‍ കുറക്കാന്‍ സഹായിച്ചില്ലെന്ന് ഐസിഎംആര്‍. രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള 39 ആശുപത്രികള്‍ കേന്ദ്രീകരിച്ച് ഏപ്രില്‍ 22 മുതല്‍ ജൂലൈ 14 വരെ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. 

1210 രോഗികളെ പഠിച്ചാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്. രോഗം ഭേദമായവരുടെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ചുള്ള ചികിത്സയാണ് പ്ലാസ്മ തെറാപ്പി.

പ്ലാസ്മ തെറാപ്പി കോവിഡിനുള്ള മാന്ത്രികമരുന്നല്ലെന്നും മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള വിപുലമായ പരീക്ഷണങ്ങള്‍ക്കുശേഷം മാത്രമേ ഫലത്തെക്കുറിച്ച് തീര്‍പ്പുപറയാനാവുകയുള്ളൂവെന്നും വിദഗ്ധര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഒട്ടേറെ സംസ്ഥാനങ്ങള്‍ പ്ലാസ്മ തെറാപ്പിക്കു അനുമതി തേടിയ സാഹചര്യത്തിലായിരുന്നു് പ്രതികരണം.

പ്ലാസ്മ തെറാപ്പി

കോവിഡ് ഭേദമായയാളില്‍നിന്ന് ശേഖരിക്കുന്ന രക്തത്തിലെ പ്ലാസ്മ വേര്‍തിരിച്ച് രോഗചികിത്സയ്ക്ക് ഉപയോഗിക്കുന്ന രീതി. രോഗം ഭേദമായ ആളുടെ രക്തത്തില്‍ രോഗാണുവിനെതിരായ ആന്റിബോഡിയുണ്ടാകും. ഇത് രോഗിയിലും പ്രവര്‍ത്തിക്കുമോയെന്ന് പരീക്ഷിക്കുകയാണ് ഈ ചികിത്സയില്‍ ചെയ്യുന്നത്. വിജയിച്ചാല്‍ കോവിഡ് ചികിത്സയില്‍ നിര്‍ണായകമാകും. ശ്രീചിത്രയടക്കമുള്ള ആശുപത്രികള്‍ ആന്റിബോഡി ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കി കാത്തിരിക്കയാണ്.

content highlights: Plasma Therapy Didn't Help Reduce COVID-19 Deaths