പനജി: ഗോവയില്‍ പോയി അല്‍പം മദ്യപിച്ച് രാത്രി കടലില്‍ നീരാടാന്‍ ആഗ്രഹമുണ്ടെങ്കില്‍ അത് തത്ക്കാലം മറക്കുന്നതാണ് നല്ലത്. സൂര്യാസ്തമയത്തിന് ശേഷം കടലില്‍ കുളിക്കാനിറങ്ങുന്നതിനും മദ്യപിച്ച് കടലിലിറങ്ങുന്നതിനും നിരോധനം ഏര്‍പ്പെടുത്താന്‍ ഗോവ ടൂറിസം വകുപ്പ് തയ്യാറെടുക്കുന്നു. 

ഗോവയിലെ ബീച്ചുകളില്‍ അടുത്തിടെയുണ്ടായ മുങ്ങിമരണങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്. കഴിഞ്ഞ ആഴ്ചയില്‍ മൂന്ന് സംഭവങ്ങളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബീച്ചിലെത്തുന്ന വിനോദ സഞ്ചാരികളുടെ സുരക്ഷയിലുള്ള ആശങ്കയാണ് നിരോധന നടപടിക്ക് പിന്നിലെന്ന് അധികൃതര്‍ പറഞ്ഞു.

വ്യാഴാഴ്ച അഹമ്മദാബാദ് സ്വദേശികളായ രണ്ടു വിദ്യാര്‍ത്ഥികളും അതിന് രണ്ടു ദിവസം മുമ്പ് മറ്റു രണ്ടു പേരും ഇവിടെ മുങ്ങി മരിച്ചിരുന്നു. ഗോവയിലെ ബീച്ചുകളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ലൈഫ്ഗാര്‍ഡ് ഏജന്‍സി രാത്രി കടലില്‍ ഇറങ്ങുന്നതിന് നിരോധനം ഏര്‍പ്പെടുത്തുന്നതിനും മദ്യപിച്ച് കടലിലിറങ്ങുന്നതിനും നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. അടുത്തിടെ നടന്ന അപകടങ്ങളെല്ലാം നടന്നത് രാത്രിയിലുമാണ്. ലൈഫ് ഗാര്‍ഡുകള്‍ക്ക് ഇവരെ രക്ഷിക്കാനും സാധിച്ചിരുന്നില്ല.

ഹോട്ടലുകള്‍,ഗസ്റ്റ് ഹൗസ്, റെസ്‌റ്റോറന്റ്, ടൂര്‍ ഓപ്പറേറ്റേഴ്‌സ് തുടങ്ങിയവരോട് ഇരുട്ടായതിന് ശേഷം വിനോദ സഞ്ചാരികളെ ബീച്ചില്‍ കുളിക്കാനായി എത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വാക്താവ് അറിയിച്ചു.