നരേന്ദ്ര മോദി| Photo: AFP
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്ന പ്ലക്കാര്‍ഡുമായി പ്രകടനം നടത്തിയതിന്റെ പേരില്‍ തമിഴ്നാട്ടിലെ കേന്ദ്ര സര്‍വകലാശാല ഹോസ്റ്റലില്‍നിന്ന് മലയാളി വിദ്യാര്‍ഥിയെ പുറത്താക്കി. സര്‍വകലാശാലയിലെ ഇന്റഗ്രേറ്റഡ് എം.എസ്.സി. കെമിസ്ട്രി അവസാനവര്‍ഷ വിദ്യാര്‍ഥിയും തൃശ്ശൂര്‍ മുളങ്കുന്നതുകാവ് സ്വദേശിയുമായ പ്രണവ് ഹരിയ്ക്കെതിരേയാണ് നാലുമാസം മുമ്പു നടന്ന പ്രതിഷേധ പ്രകടനത്തിന്റെ പേരില്‍ അച്ചടക്ക നടപടിയെടുത്തത്.
ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ രാമനവമി ദിവസം എ.ബി.വി.പി. പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 11-നാണ് തിരുവാരൂരിലെ കേന്ദ്ര സര്‍വകലാശാലാ കാമ്പസില്‍ പ്രകടനം നടന്നത്. ഫ്രീഡം സ്പീക്കേഴ്സ് സ്റ്റഡി സര്‍ക്കിള്‍ എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രകടനത്തില്‍ മുന്നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തിരുന്നു. 'ഇന്ത്യന്‍ ഭീകരവാദത്തിന്റെ മുഖം' എന്ന അടിക്കുറിപ്പോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാരിക്കേച്ചറടങ്ങുന്ന പ്ലക്കാര്‍ഡ് പ്രകടനത്തില്‍ പങ്കെടുത്ത ചിലര്‍ ഉയര്‍ത്തിയിരുന്നു. ഇതാണ് നടപടിയ്ക്കു കാരണമായത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ അച്ചടക്കസമിതി പ്ലക്കാര്‍ഡ് പിടിച്ച കുട്ടികളില്‍നിന്ന് മൊഴിയെടുത്തു. പ്രകടനത്തിന്റെ സംഘാടകര്‍ ആരാണെന്ന് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. അവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൂന്നു വിദ്യാര്‍ഥികളില്‍നിന്ന് വിശദീകരണം തേടി.
ഏപ്രില്‍ 28-ന് അച്ചടക്ക നടപടിയുടെ ഭാഗമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയാക്കിയെങ്കിലും പ്രണവ് ഹരിയെ ഹോസ്റ്റലില്‍നിന്ന് പുറത്താക്കിക്കൊണ്ട് ഈ മാസം ആദ്യമാണ് ബോയ്സ് ഹോസ്റ്റല്‍ ചീഫ് വാര്ഡന് ഉത്തരവിറക്കിയത്. വൈകാതെ ഹോസ്റ്റലില്‍ തിരിച്ചെടുക്കുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ അനുകൂല നടപടിയൊന്നുമുണ്ടായില്ലെന്ന് പ്രണവ് ഹരി പറഞ്ഞു.
സൈന്യത്തിലേക്കുള്ള അഗ്നിപഥ് നിയമനത്തിനെതിരേ കഴിഞ്ഞ മാസം കാമ്പസില്‍ പ്രകടനം നടന്നിരുന്നു. അതിനു പിന്നാലെയാണ് പഴയ പ്രകടനത്തിന്റെ പേരില്‍ അധികൃതര്‍ നടപടിയെടുത്തതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. കാമ്പസിലെ എ.ബി.വി.പി. ഭാരവാഹികളുടേയും പുറത്തുള്ള ചില വലതുപക്ഷ സംഘടനകളുടേയും സമ്മര്‍ദമാണ് ഇതിനു പിന്നിലെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..