തിരുവനന്തപുരം: ബഹുമുഖമായ അറിവും നേതൃഗുണവും കൃത്യമായ ഉള്‍ച്ചേര്‍ന്ന വ്യക്തിത്വമാണ് ഉമ്മന്‍ചാണ്ടിയുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് മേഖലയിലുള്ളവര്‍ക്കും മാതൃകയാക്കാവുന്ന അനേകഗുണങ്ങള്‍ ഉള്ള വ്യക്തിയായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഉമ്മന്‍ചാണ്ടി ലീഡര്‍ഷിപ് സമ്മിറ്റ് സമാപനസമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമര്‍ശിക്കുന്നവും അധിക്ഷേപിക്കുന്നവരും തകര്‍ച്ചകാണാന്‍ ആഗ്രഹിക്കുന്നവരുമുണ്ടാകും, അതൊന്നും നിങ്ങളെ തളര്‍ത്തരുതെന്നും കോണ്‍ക്ലേവില്‍ പങ്കെടുത്ത വിദ്യാര്‍ഥികളോട് പിണറായി വിജയന്‍ ഉപദേശിച്ചു.

To advertise here,

'ഉമ്മന്‍ചാണ്ടിയോട് പലകാര്യങ്ങളിലും യോജിപ്പുണ്ടായിരുന്നു. ചിലകാര്യങ്ങളില്‍ വിയോജിപ്പുമുണ്ടായിരുന്നു. ഇതേവിധത്തില്‍ തന്നെയായിരുന്നു അദ്ദേഹത്തിന് എന്നോടുള്ള ബന്ധവും. യോജിക്കുന്നതോ വിയോജിക്കുന്നതോ അല്ല പ്രശ്‌നം, എന്താണോ മനസിലുള്ളത് അത് തുറന്നുപറയാന്‍ സ്വാതന്ത്ര്യമുണ്ടോ എന്നതാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. അത്തരത്തില്‍ യോജിപ്പുകളും വിയോജിപ്പുകളും തുറന്ന് പ്രകടിപ്പിച്ചവരായിരുന്നു ഞങ്ങള്‍. ഞാനങ്ങോട്ടും അദ്ദേഹം ഇങ്ങോട്ടും', മുഖ്യമന്ത്രി പറഞ്ഞു.

'രാഷ്ട്രീയമായി ഇരുചേരികളില്‍ നില്‍ക്കുമ്പോഴും ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന് ഒരുകോട്ടവുമുണ്ടായിരുന്നില്ല. 2016-ല്‍ മുഖ്യമന്ത്രിയാവാന്‍ എല്‍.ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ടി തിരഞ്ഞെടുത്തതിന് പിന്നാലെ ആദ്യം സന്ദര്‍ശിച്ചത് സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയായിരുന്നു. മികച്ച സഹകരണമാണ് അദ്ദേഹത്തില്‍നിന്നും ലഭിച്ചത്. രാഷ്ട്രീയമായി എതിര്‍പക്ഷത്ത് നില്‍ക്കുമ്പോഴും ക്രിയാത്മക നിര്‍ദേശങ്ങളെ പിന്തുണയ്ക്കുന്ന അദ്ദേഹത്തിന്റെ വ്യക്തിത്വം ഏവര്‍ക്കും മാതൃകയാണ്. ബഹുമുഖമായ അറിവും നേതൃഗുണവും കൃത്യമായ ഉള്‍ച്ചേര്‍ന്ന വ്യക്തിത്വമാണ് ഉമ്മന്‍ചാണ്ടിയുടേത്. ഏത് മേഖലയിലുള്ളവര്‍ക്കും മാതൃകയാക്കാവുന്ന അനേകഗുണങ്ങള്‍ ഉള്ള വ്യക്തിയായിരുന്നു', പിണറായി പറഞ്ഞു.

ഉമ്മന്‍ചാണ്ടിക്ക് പൊതുപ്രവര്‍ത്തനം ജീവതത്തില്‍ അലിഞ്ഞുചേര്‍ന്നതായിരുന്നു. കേരളത്തോട് ആകെയും പ്രതിനിധാനംചെയ്ത പുതുപ്പള്ളി മണ്ഡലത്തോട് പ്രത്യേകമായും ആത്മബന്ധം അദ്ദേഹം കാത്തുസൂക്ഷിച്ചു. അതാണ് അദ്ദേഹത്തെ വ്യത്യസ്തമാക്കിയത്. റോബര്‍ട്ട് ഫ്രോസ്റ്റിന്റെ പ്രശസ്തമായ വരികള്‍ എനിക്കതീവദൂരമുണ്ടവിശ്രമം നടക്കുവാനെന്നാണ് മലയാളത്തില്‍ കടമ്മനിട്ട വിവര്‍ത്തനം ചെയ്തത്. ആ വരികളെഴുതിയത് ഉമ്മന്‍ചാണ്ടിയെക്കുറിച്ചാണെന്ന് നമുക്ക് തോന്നും. അവിശ്രമം എന്ന പദത്തിന് എല്ലാനിലയിലും പര്യായമായി മാറിയ ജീവിതമായിരുന്നു ഉമ്മന്‍ചാണ്ടിയുടേത്. ചെറിയ പ്രതിസന്ധി വന്നാല്‍ തളരാതെ മുന്നോട്ടുപോകാന്‍ പ്രചോദനമാകുന്ന മാതൃകയാണ് ഉമ്മന്‍ചാണ്ടിയുടേതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.