ന്യൂഡല്‍ഹി: ജീവനക്കാര്‍ക്ക് മാത്രമല്ല, കുടുംബാംഗങ്ങള്‍ക്കും കൂടി കോവിഡ് വാക്‌സിന്‍ നല്‍കണമെന്ന അഭ്യര്‍ഥനയുമായി എയര്‍ ഇന്ത്യയുടെ പൈലറ്റ്‌സ് അസോസിയേഷന്‍. ഈ ആവശ്യം ഉന്നയിച്ച് ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ പൈലറ്റ്‌സ് ഗില്‍ഡ്(ഐ.സി.പി.എ.) എയര്‍ ഇന്ത്യക്ക് കത്തയച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

ഫ്‌ളൈയിങ് ക്രൂ അംഗങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനൊപ്പം അവരുടെ കുടുംബാഗങ്ങള്‍ക്കും കൂടി നല്‍കണമെന്നാണ് പൈലറ്റ്‌സ് അസോസിയേഷന്റെ അഭ്യര്‍ഥന. ജീവനക്കാര്‍ക്ക് മാത്രം വാക്‌സിന്‍ നല്‍കുന്നത് കോവിഡ് പ്രതിരോധ പ്രക്രിയയെ സഹായിക്കില്ലെന്നും കത്തില്‍ പറയുന്നു. ജൂണ്‍ ഒന്നിനാണ് കത്ത് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ മാസം മാത്രം അഞ്ച് പൈലറ്റുമാര്‍ക്കാണ് കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്. മേയ് 15- മുതലാണ് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് വാക്‌സിന്‍ നല്‍കിത്തുടങ്ങിയത്. പൈലറ്റുമാരെ ക്വാറന്റീന്‍ ചെയ്യുന്നതും പോസിറ്റീവ് ആകുന്നതും മരിക്കുന്നതും ഭീതിപ്പെടുത്തുന്ന ഇടവേളകളില്‍ ആവര്‍ത്തിക്കപ്പെടുകയാണ്. അടുത്ത ബന്ധുക്കള്‍ പോലും രോഗബാധയ്ക്ക് കീഴടങ്ങുകയും ചെയ്യുന്നു- ഒരു പൈലറ്റ് പ്രതികരിച്ചു. 

വന്ദേ ഭാരത് മിഷന്‍ വിമാനങ്ങള്‍ പറത്തിയതിനുശേഷം വീട്ടില്‍ മടങ്ങിയെത്തുമ്പോള്‍, തങ്ങളില്‍നിന്ന് കുടുംബാംഗങ്ങള്‍ക്ക് രോഗം പകരുമോ എന്ന് ഭയപ്പെടുന്നതായും പൈലറ്റുമാര്‍ കൂട്ടിച്ചേര്‍ക്കുന്നു.

content highlights: pilots union asks air india to include dependents on vaccine drive