ജയ്പുര്‍: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് വിഭാഗത്തിന് മൂന്ന് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്യപ്പെട്ടതായി സൂചനകള്‍. രാജസ്ഥാന്‍ മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സച്ചിന്‍ പൈലറ്റ് ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവരുന്നത്. 

മൂന്ന് മന്ത്രിസ്ഥാനത്തിന് പുറമേ കോര്‍പ്പറേഷന്‍, ബോര്‍ഡ് ഭരണ സമിതികളില്‍ അര്‍ഹിക്കുന്ന പ്രാധാന്യവും സച്ചിന്‍ പക്ഷത്തിന് ലഭിച്ചേക്കും. അഞ്ച് മുതല്‍ ആറ് സീറ്റുകള്‍ വേണമെന്നാണ് സച്ചിന്‍ പക്ഷത്തിന്റെ ആവശ്യം. എന്നാല്‍ അത് അസാധ്യമാണെന്ന് ഗെഹ്‌ലോത്ത് അറിയിച്ചിട്ടുണ്ട്. അശോക് ഗെഹ്‌ലോത്ത് മന്ത്രിസഭയില്‍ ഒമ്പത് സീറ്റുകളാണ് ഒഴിവുള്ളത്.

സച്ചിന്‍ വിഭാഗത്തിനൊപ്പം സ്വതന്ത്രരായി മത്സരിച്ച 18 പേര്‍ക്കും കോണ്‍ഗ്രസില്‍ ചേര്‍ന്ന ബി.എസ്.പി. നേതാവിന്റേയും ആവശ്യം പരിഗണിക്കേണ്ടതുണ്ടെന്നും അതിനാല്‍ മന്ത്രിസ്ഥാനത്തിന്റെ എണ്ണം യാതൊരു കാരണവശാലും കൂടില്ലെന്നുമാണ് സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണ്. 

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ആഭ്യന്തരപ്രശ്‌നങ്ങള്‍ രൂക്ഷമായി തുടരുകയായിരുന്നു. കൂടുതല്‍ പ്രാതിനിധ്യം ആവശ്യപ്പെട്ടാണ് സച്ചിന്‍ ഡല്‍ഹിയിലെത്തി പ്രിയങ്ക ഗാന്ധിയേയും രാഹുലിനേയും കണ്ടത്. രാജസ്ഥാന്‍ സര്‍ക്കാരില്‍ സച്ചിന്‍ ക്യാമ്പിന് കൂടുതല്‍ പരിഗണന നല്‍കുമെന്ന് ദേശീയ നേതൃത്വം ഉറപ്പ് നല്‍കിയിരുന്നു.

Content Highlights: Pilot Camp Offered 3 Ministerial Posts, Other Top Slots in Raj After Ex-Dy CM's Weekend Trip to Delh