കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനം
ന്യൂഡല്‍ഹി: കരിപ്പുര്‍ വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വ്യോമയാന സുരക്ഷ കണക്കിലെടുത്ത് നിലവിലെ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ) അരുണ്‍ കുമാറിനെ ഉടന്‍ നീക്കണമെന്ന ആവശ്യവുമായി പൈലറ്റുമാരുടെ സംഘടനകള്‍. ഈ ആവശ്യമുന്നയിച്ച് ഇന്ത്യന്‍ കൊമേഴ്സ്യല്‍ പൈലറ്റ്സ് അസോസിയേഷന് (ഐസിപിഎ) ഇന്ത്യന്‍ പൈലറ്റ്സ് ഗില്‍ഡ് (ഐപിജി) എന്നിവ വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരിക്ക് കത്തയച്ചു. വ്യോമയാന മേഖലയെപ്പറ്റി അറിവും പരിചയ സമ്പത്തുമുള്ള ഒരാളെ ഡിജിസിഎ സ്ഥാനത്ത് നിയമിക്കണമെന്നാണ് ആവശ്യം.
വിമാന ദുരന്തം നടന്നതിന് തൊട്ടുപിന്നാലെ ടെലിവിഷന്‍ ചാനലുകള്‍ക്ക് നല്കിയ അഭിമുഖത്തില്‍ അനുചിതവും രാജ്യാന്തര നിയമങ്ങള്‍ക്ക് വിരുദ്ധവുമായ പരാമര്‍ശമാണ് ഡിജിസിഎ നടത്തിയതെന്ന് കത്തില്‍ ആരോപിക്കുന്നു. അപകടത്തില്‍ മരിച്ച പൈലറ്റുമാരെ 'ഫെലോസ്' എന്ന് വിശേഷിപ്പിക്കുകയും അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ലാന്‍ഡിങ് കൃത്യമായിരുന്നില്ല എന്നാണ് തോന്നുന്നതെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
ഇത്തരം പരാമര്‍ശങ്ങള്‍ സാങ്കേതിക പരിജ്ഞാനത്തിന്റെ അഭാവവും അപക്വമായ കാഴ്ചപ്പാടുമാണ് വ്യക്തമാക്കുന്നത്. ലാന്‍ഡിങ് അപകടത്തിന് കാരണമായോ എന്ന് വിശദമായ അന്വേഷണത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ മാത്രമെ പറയാന്‍ കഴിയൂ. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്തരം കാര്യങ്ങള്‍ പറയുന്നത് ശരിയല്ല. വിമാന ദുരന്തങ്ങളെപ്പറ്റി അന്വേഷണം നടത്തുന്നത് ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ്. ഉത്തരവാദികളെ കണ്ടെത്തുന്നതിനോ കുറ്റപ്പെടുത്തുന്നതിനോ അല്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച വ്യവസ്ഥകളടക്കം ഡിജിസിഎ ഇളവുചെയ്യുകയാണ് ഉണ്ടായിട്ടുള്ളത്. ഇപ്പോള്‍ പൈലറ്റുമാര്‍ അടക്കമുള്ളവരെ സ്ഥാപിത താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി പീഡിപ്പിക്കാനും തുടങ്ങിയിരിക്കുന്നു. ഡിജിസിഎ പോലെയുള്ള സ്ഥാനങ്ങളില്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് പകരം വ്യോമയാന മേഖലയില്‍ പരിചയ സമ്പത്തുള്ളവരെ നിയമിക്കണമെന്നും പൈലറ്റുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: Pilot bodies seek immediate removal of DGCA after Kozhikode mishap
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..