ന്യൂഡല്‍ഹി: വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ ഫൊട്ടൊയെടുക്കുന്നതിന് വിലക്കില്ലെന്ന് ഡി.ജി.സി.എയുടെ (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) വിശദീകരണം. വിമാനത്തിനുള്ളില്‍ ആരെങ്കിലും ഫൊട്ടൊയെടുത്താല്‍ സര്‍വീസ് രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെപ്പിക്കുമെന്ന് വിമാനക്കമ്പനികള്‍ക്ക് ഡി.ജി.സി.എ ശനിയാഴ്ച കര്‍ശന നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് ഉത്തരവില്‍ തിരുത്തല്‍ വരുത്തിയത്.

കര്‍ശന നിയന്ത്രണങ്ങളുള്ള വിമാനത്തിന്റെ ടേക്ക്ഓഫ്, ലാന്‍ഡിങ് വേളയില്‍ ഒഴികെ യാത്രക്കാര്‍ക്ക് തുടര്‍ന്നും ഫൊട്ടൊ, വീഡിയോ എടുക്കാം. വിമാനത്തിനുള്ളില്‍ ഫൊട്ടൊഗ്രഫിക്ക് യാതൊരു വിലക്കുമില്ല. ഡി.ജി.സി.എ വിശദീകരിച്ചു. 

അതേസമയം വിമാനത്തിനുള്ളില്‍ ശല്യമാകുന്ന വിധത്തില്‍ ഫൊട്ടൊ എടുക്കുന്നതും വിമാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള റെക്കോര്‍ഡിങ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ഇത്തരത്തില്‍ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കാമെന്നും ഡി.ജി.സി.എ വ്യക്തമാക്കി. 

ചണ്ഡീഗഢ്-മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ നടി കങ്കണ റണൗട്ടിന്റെ ഫൊട്ടൊയെടുക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചതിനുപിന്നാലെയാണ് വിമാനത്തിനുള്ളിലെ ഫൊട്ടൊഗ്രഫി വിലക്കി സുരക്ഷ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ കഴിഞ്ഞ ദിവസം ഡി.ജി.സി.എ നിര്‍ദേശിച്ചിരുന്നത്. 

content highlights: Photography on flights not banned, DGCA