ന്യൂഡല്‍ഹി: ചരിത്ര സ്മാരകങ്ങളില്‍ ചിത്രമെടുക്കുന്നത് അനുവദിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ്. ഇത്തരം സ്ഥലങ്ങളില്‍ ചിത്രങ്ങളെടുക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുന്നതിനെ പ്രധാനമന്ത്രി നരേന്ദ്രമോദി വിമര്‍ശിച്ചതിനു പിന്നാലെയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള താജ്മഹല്‍, അജന്താ ഗുഹകള്‍, ലേ പാലസ് എന്നിവ ഒഴികെയുള്ള ചരിത്ര സ്മാരകങ്ങളില്‍ ഇനിമുതല്‍ ഫോട്ടോഗ്രാഫി അനുവദനീയമാണെന്ന് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ വ്യക്തമാക്കി.

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഡല്‍ഹിയിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ചരിത്ര സ്മാരകങ്ങളുടെ ചിത്രങ്ങളെടുക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നടപടിയെ പ്രധാനമന്ത്രി വിമര്‍ശിച്ചത്. ചില ചരിത്ര സ്മാരകങ്ങളില്‍ ഫോട്ടോഗ്രാഫി നിരോധിച്ചിരിക്കുന്നതില്‍ എന്ത് യുക്തിയാണുള്ളതെന്ന് അദ്ദേഹം ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രാലയത്തിന്റെ നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരമാണ് ചരിത്ര സ്മാരകങ്ങളില്‍ ഫോട്ടോഗ്രാഫി അനുവദിക്കാന്‍ തീരുമാനിച്ചതെന്ന് മഹേഷ് ശര്‍മ ട്വീറ്റില്‍ വ്യക്തമാക്കി. 

പുരാതന സ്മാരകങ്ങള്‍, പര്യവേഷണ കേന്ദ്രങ്ങള്‍, ദേശീയ പ്രാധാന്യമുള്ള പുരാവസ്തു ശേഷിപ്പുകള്‍ സൂക്ഷിക്കുന്ന കേന്ദ്രങ്ങള്‍ എന്നിവയടക്കം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴില്‍ 3,686 സ്ഥാപനങ്ങളാണുള്ളത്. ഫോട്ടോഗ്രാഫര്‍മാര്‍, ചരിത്രകാരന്‍മാര്‍, ചരിത്രപഠിതാക്കള്‍ തുടങ്ങിയവര്‍ക്ക് പുരാവസ്തു വകുപ്പിന്റെ പ്രത്യേക അനുമതിയുണ്ടെങ്കില്‍ മാത്രമേ ഇവയുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിക്കുമായിരുന്നുള്ളൂ.

Content Highlights: Photography Ban At Monuments,PM Modi, archaeological survey of india