ഫൂലൻ ദേവി | ഫോട്ടോ: AFP
ചമ്പല്‍ക്കാടിന്റെ റാണി ഫൂലന് ദേവി മരണപ്പെട്ട് 20 വര്‍ഷങ്ങള്‍ക്ക് ശേഷവും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ 'സജീവ'മാകുകയാണ്. ഫൂലന് ദേവിയിലൂടെ നിഷാദ് സമുദായത്തിന്റെ വോട്ടുകള്‍ കൈയിലെടുക്കാനുളള ശ്രമത്തിലാണ് ഇത്തവണ രാഷ്ട്രീയ പാര്‍ട്ടികള്‍.
1981 ഫെബ്രുവരിയില്‍ തനിക്ക് നേരിടേണ്ടി വന്ന ചൂഷണത്തിനെതിരേയും അപമാനത്തിനെതിരേയും 20 താക്കൂര്മാരെ വെടിവെച്ചു കൊന്നുകൊണ്ട് പ്രതികാരം ചെയ്തതോടെയാണ് നിഷാദ് സമുദായത്തിന്റെ ആരാധനാപാത്രമായി ഫൂലന് ദേവി മാറുന്നത്.
തൊണ്ണൂറുകളിലായിരുന്നു ഫൂലന് ദേവിയുടെ രാഷ്ട്രീയ പ്രവേശം. ജയില്‍ശിക്ഷ അനുഭവിച്ചിരുന്ന ഫൂലന് ദേവിക്കെതിരായ കേസുകള്‍ 1994-ലാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മുലായം സിങ് യാദവ് പിന്‍വലിക്കുന്നത്. ജയിലില്‍നിന്ന് പുറത്തിറങ്ങിയ അവര്‍ സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. രണ്ടു തവണ പാര്‍ലമെന്റ് അംഗമായി. പിന്നീട് വിവാഹ ജീവിതത്തിലേക്കും ഫൂലന് ദേവി കടന്നു. ഉമേദ് സിങ്ങായിരുന്നു ഭര്‍ത്താവ്. ആ സന്തോഷത്തിന് അധികനാള്‍ ആയുസ്സുണ്ടായിരുന്നില്ല. 2001 ജൂലൈ 25-ന് ഡല്‍ഹിയിലെ വസതിക്ക് മുന്നില്‍വെച്ച് ഫൂലന് വെടിയേറ്റ് മരിക്കുകയായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ നിഷാദ് സമുദായത്തിന്റെ വോട്ടുകളില്‍ കണ്ണുവെച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ ഫൂലന്റെ പാരമ്പര്യം അവകാശപ്പെടാനുളള ശ്രമത്തിലാണ്. അതില്‍ മുന്നിലുളളത് സഞ്ജയ് നിഷാദിന്റെ നേതൃത്വത്തില്‍ വളര്‍ന്നുവരുന്ന നിഷാദ് പാര്‍ട്ടിയാണ്. ഫൂലന്റെ പാരമ്പര്യം പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുകയാണ് സഞ്ജയ്, അതിലൂടെ താന്‍ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിന്റെയും.
'ഞങ്ങള്‍ക്ക് ഗൊരഖ്പുരില് ഫൂലന് ദേവിയുടെ പ്രതിമ വേണം. അവര്‍ ഒരു സമുദായത്തിന്റെ ആരാധനാപാത്രമാണ്, അങ്ങനെ ബഹുമാനിക്കപ്പെടാന്‍ അവര്‍ അര്‍ഹയാണ്. നിഷാദ് സമൂഹത്തിന് പട്ടികജാതി വിഭാഗത്തില്‍ സംവരണം നല്‍കണം, ഞങ്ങളുടെ സമുദായത്തില്‍ അംഗങ്ങളായവരര്ക്കെതിരെയുള്ള എല്ലാ കേസുകളും പിന്‍വലിക്കണം,' സഞ്ജയ് നിഷാദ് ആവശ്യപ്പെടുന്നു.
ബീഹാറിലെ വികാസ്ശീല് ഇന്സാന് പാര്‍ട്ടി (വിഐപി) ഇപ്പോള്‍ ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ മുന്നേറുകയാണ്. ഫൂലന് ദേവിയുടെ 18 പ്രതിമകള്‍ നിര്‍മ്മിച്ച അവര്‍ സംസ്ഥാനത്തെ എല്ലാ ഡിവിഷണല്‍ ആസ്ഥാനങ്ങളിലും അത് സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
''പ്രതിമകള്‍ സ്ഥാപിക്കാന്‍ ഞങ്ങള്‍ക്ക് അനുമതി നിഷേധിക്കപ്പെടുന്നു, ഫൂലന് ദേവി കുറ്റവാളിയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഒരു കുറ്റത്തിനും അവര്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല, രണ്ടു തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരാണവര്. അവരുടെ ഓര്‍മ്മയ്ക്കായി ഞങ്ങള്‍ ജൂലൈ 25 'രക്തസാക്ഷി ദിനമായി' ആചരിക്കാന്‍ പോകുകയാണ്'. സമുദായത്തിലെ മുതിര്‍ന്ന നേതാവായ ചൗധരി ലൗതന്‍ റാം നിഷാദ് പറയുന്നു.
'നിഷാദ് സമുദായവും അതിന്റെ ഉപജാതികളായ മല്ല, കേവത്ത്, ബിന്ദ്, മഞ്ജി, ഗെവര്‍, റെയ്ക്വാര്, കവര്‍ എന്നിവ സംസ്ഥാനത്തെ ജനസംഖ്യയുടെ ഏകദേശം 1.78 കോടി വരും. 160 അസംബ്ലി സീറ്റുകളിലായി 1.5 ലക്ഷം കമ്മ്യൂണിറ്റി അംഗങ്ങളുണ്ടെങ്കിലും സമുദായം മുന്നേറാതെ നിലനില്‍ക്കുന്നതിന് കാരണം ഞങ്ങള്‍ക്ക് ഇതുവരെ ശക്തമായ നേതൃത്വം ഇല്ലായിരുന്നതിനാലാണ്.'' ഉത്തര്‍പ്രദേശില്‍ തങ്ങളുടെ രാഷ്ട്രീയ സാന്നിധ്യം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത എന്താണെന്ന് രാഷ്ട്രീയ നിഷാദ് സംഘത്തിന്റെ തലവനായ ലൗതന്‍ റാം നിഷാദ് വിശദീകരിക്കുന്നു.
ഒരു കാലത്ത് ബി.ജെ.പി. നേതാവായിരുന്ന കുന്‍വര്‍ സിംഗ് നിഷാദ് ഇപ്പോള്‍ പാര്‍ട്ടി വിട്ട് തന്റെ സമുദായത്തിന് സംവരണം വേണമെന്ന ആവശ്യവുമായി 'നിഷാദ് യാത്ര'കള്‍ സംഘടിപ്പിക്കുകയാണ്. തന്റെ പ്രക്ഷോഭത്തിന് ജനശ്രദ്ധ ആകര്‍ഷിക്കാന്‍ ഫൂലന്റെ ചരമവാര്‍ഷികം ഉപയോഗിക്കാന്‍ അദ്ദേഹം പദ്ധതിയിടുകയാണ്.
ഉത്തര്‍പ്രദേശിലെ മൊത്തം ഒ.ബി.സി. ജനസംഖ്യയുടെ 18 ശതമാനമാണ് നിഷാദ് സമുദായത്തിനുള്ള വോട്ട്. ഈ സാഹചര്യത്തില്‍, സമാജ്വാദി പാര്‍ട്ടിയും ഫൂലന് ദേവിയുടെ പാരമ്പര്യത്തിന് അവകാശവാദം ഉന്നയിക്കാന്‍ തയ്യാറെടുക്കുന്നത് സ്വാഭാവികമായ കാര്യമാണ്.
'ഫൂലനെ ജയിലില്‍നിന്ന് പുറത്തെത്തിക്കുകയും പിന്നീട് പാര്‍ലമെന്റ് അംഗമാക്കുകയും ചെയ്തത് നേതാജി മുലായം സിംഗ് യാദവ് ആണെന്ന വസ്തുത നിഷേധിക്കാനാവില്ല. അത് ഇല്ലായിരുന്നുവെങ്കില്‍ ഫൂലന് തന്റെ ജീവിതം ജയിലില്‍ ചിലവഴിക്കേണ്ടി വരുമായിരുന്നു. സമാജ്വാദി പാര്‍ട്ടി എല്ലായ്പ്പോഴും പാര്‍ശ്വവത്കരിക്കപ്പെട്ട സമുദായങ്ങളെ സാമൂഹികമായും രാഷ്ട്രീയമായും മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.'' മുതിര്‍ന്ന സമാജ്വാദി പാര്‍ട്ടി പ്രവര്ത്തകന് പറഞ്ഞു.
അതേസമയം, ലഖ്നൗവില്‍നിന്ന് 260 കിലോ മീറ്റര്‍ അകലെയുള്ള ജലാവുന്‍ ജില്ലയില്‍ ഒറൈയിലെ ശെക്പുര ഗദ്ദ ഗ്രാമത്തില്‍, രണ്ട് കുടുംബങ്ങള്‍ ഫൂലന്റെ പാരമ്പര്യത്തിനായി പോരാടുകയാണ് - അമ്മ മൂലാദേവിയും സഹോദരപുത്രന് മയ്യാദിനും.
മൂത്തമകള്‍ രുക്മിണിക്കൊപ്പമാണ് ഫൂലന്റെ അമ്മ മൂലാദേവി താമസിക്കുന്നത്. തന്റെ ഭര്‍ത്താവ് ദേവി ദീന്റെ ഉടമസ്ഥതയിലുള്ള ഭൂമി സഹോദരന് ബിഹാരിയും പിന്നീട് മകന് മയ്യാദിനും പിടിച്ചെടുത്തതായി ഇവര്‍ ആരോപിക്കുന്നു
'ഫൂലന് ജീവിച്ചിരിക്കുമ്പോള്‍ കുറച്ച് ഭൂമി അവര്‍ക്ക് തിരികെ കിട്ടിയിരുന്നു, എന്നാല്‍ അവര്‍ മരിച്ചതിനുശേഷം ആ ആളുകള്‍ അത് തിരിച്ചുപിടിച്ചു. ആ് ഭൂമി ഞങ്ങള്‍ക്ക് തിരികെ നല്‍കണം, അവിടെ എന്റെ മകളുടെ പേരില്‍ ദരിദ്രര്‍ക്ക് സൗജന്യ വിദ്യാഭ്യാസവും ചികിത്സയും ലഭിക്കുന്ന സ്കൂളും ആശുപത്രിയും സര്‍ക്കാര്‍ തുടങ്ങണം.' ഫൂലന്റെ അമ്മ പറഞ്ഞു.
ജില്ലാ അധികൃതര്‍ക്ക് നിരവധി തവണ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ലെന്ന് മൂലാദേവി പറഞ്ഞു.
Content Highlights: Phoolan devi makes a comback in uttar pradesh politics after 20 years
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..