അശോക് ഗഹ്ലോത്തും സച്ചിൻ പൈലറ്റും | Photo: ANI
ജയ്പുര്‍: രാജസ്ഥാനില്‍ അശോക് ഗഹ്‌ലോത്ത് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിക്കൊണ്ട് വീണ്ടും ഫോണ്‍ ചോര്‍ത്തല്‍ വിവാദം. ഫോണ്‍ ചോര്‍ത്തുന്നതായി ചില എംഎല്‍എമാര്‍ പറഞ്ഞുവെന്ന് കോണ്‍ഗ്രസ് എംഎല്‍എയും സച്ചിന്‍ പൈലറ്റിന്റെ വിശ്വസ്തനുമായ വേദ് പ്രകാശ് സോളങ്കി ആരോപിച്ചു. എന്നാല്‍ പരാതി ഉന്നയിച്ച എംഎല്‍എമാരുടെ പേരു വെളിപ്പെടുത്താന്‍ തയ്യാറാകാതിരുന്ന സോളങ്കി വിവിധ ഏജന്‍സികള്‍ കുടുക്കുമെന്ന് എംഎല്‍എമാര്‍ക്ക് ഭയമുണ്ടെന്നും പറഞ്ഞു.
'എന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടോ ഇല്ലയോ എന്ന് അറിയില്ല. പക്ഷേ ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡു ചെയ്യപ്പെടുന്നതായി ചില എംഎല്‍എമാര്‍ എന്നോടു പറഞ്ഞു. ഇതില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കുണ്ടോ എന്നും അറിയില്ല. നിയമസഭാംഗങ്ങളെ കുടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് പല ഉദ്യോഗസ്ഥരും അവരോട് പറഞ്ഞു'- ജയ്പുര്‍ ജില്ലയിലെ ചാക്‌സുവില്‍നിന്നുള്ള എംഎല്‍എയായ വേദ് പ്രകാശ് സോളങ്കി പറഞ്ഞു.
ഇവരില്‍ ചില എംഎല്‍എമാര്‍ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. എംഎല്‍എമാര്‍ക്ക് ഇക്കാര്യത്തില്‍ സാങ്കേതിക പരിജ്ഞാനമുണ്ടോയെന്നും അതല്ല അവരുടെ ഫോണുകള്‍ ടാപ്പുചെയ്യുന്നുവെന്ന് അറിയാന്‍ ആപ്പുകള്‍ ഉണ്ടോ എന്നും തനിക്ക് അറിയില്ലെന്നും സോളങ്കി പറഞ്ഞു. എന്നാല്‍ സച്ചിന്‍ പൈലറ്റിനോട് അടുത്തു നില്‍ക്കുന്നവരുടെ ഫോണ്‍ കോളുകളാണോ ചോര്‍ത്തിയത് എന്ന ചോദ്യത്തിന് കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഫോണുകളാണു ചോര്‍ത്തിയത് എന്നായിരുന്നു മറുപടി.
കോണ്‍ഗ്രസ് എംഎല്‍എമാരെ ഭീഷണിപ്പെടുത്തുന്നുവെന്ന് പരാമര്‍ശങ്ങളോട് പ്രതികരിച്ചുകൊണ്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയ ആരോപിച്ചു. 'ഫോണുകള്‍ ചോര്‍ത്തുന്നുവെന്നും ചാരപ്പണി നടക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് എംഎല്‍എമാര്‍ പറയുന്നുവെന്ന ആരോപണവുമായി മറ്റൊരു കോണ്‍ഗ്രസ് നേതാവു കൂടി രംഗത്തെത്തിയിരിക്കുന്നു. എംഎല്‍എമാരുടെ പേരു വെളിപ്പെടുത്താന്‍ കോണ്‍ഗ്രസ് തയാറാകണം. സ്വന്തം എംഎല്‍എമാരെ കോണ്‍ഗ്രസ് ഭയപ്പെടുത്തുകയാണ്.' ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പുനിയ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മുഖമന്ത്രി അശോക് ഗഹ്ലോത്തിനെതിരേ വിമത നീക്കം ഉയര്‍ത്തി സച്ചിന്‍ പൈലറ്റും മറ്റു 18 എംഎല്‍എമാരും രംഗത്തെത്തിയിരുന്നു. തങ്ങളുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നുണ്ടെന്നതായുരുന്നു വിമത നീക്കം ഉയര്‍ത്തിയവര്‍ ഉന്നയിച്ച പ്രധാന ആരോപണം.
Content Highlights: Phone tapping issue resurfaces in Rajasthan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..