ചെന്നൈ: കോറോണ വൈറസിന് മരുന്ന് കണ്ടുപിടിക്കാന്‍ ശ്രമിച്ച ആയുര്‍വേദ മരുന്ന് കമ്പനിയിലെ ജീവനക്കാരന്‍ മരിച്ചു. പരീക്ഷണാര്‍ഥം നിര്‍മിച്ച മിശ്രിതം സ്വന്തമായി പരിശോധിക്കുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. പെട്രോളിയം ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു അടങ്ങിയ മിശ്രിതം കമ്പനി ഉടമയും ജീവനക്കാരനും ചേര്‍ന്ന് കഴിക്കുകയായിരുന്നു. 

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുജാത ബയോടെക് എന്ന മരുന്ന് കമ്പനിയിലെ പ്രൊഡക്ട് മാനേജരായ കെ.ശിവനേശന്‍ ആണ് മരിച്ചത്. കഴിഞ്ഞ 27 വര്‍ഷമായി ഇവിടെ ജോലി ചെയ്ത് വരുകയായിരുന്നു. അതേസമയം കമ്പനി ഉടമയുടെ നില ഭേദപ്പെട്ടിട്ടുണ്ട്. 

നൈട്രിക് ഓക്‌സൈഡും സോഡിയം നൈട്രേറ്റും ഉപയോഗിച്ച് കോവിഡ് 19 ന് പ്രതിരോധ മരുന്ന് കണ്ടുപിടിക്കാന്‍ ശിവനേശനും കമ്പനി ഉടമ ഡോ.രാജ് കുമാറും ചേര്‍ന്ന്  തീരുമാനിക്കുകയായിരുന്നു. ശ്രമം വിജയിച്ചാല്‍ കമ്പനിക്ക് വലിയ നേട്ടം കൊയ്യാമെന്ന് ചിന്തിച്ചാണ് പദ്ധതി തയാറാക്കിയത്- അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 

പരീക്ഷണത്തിനിടെ സോപ്പുകളുടെ നിര്‍മാണത്തിനും പെട്രോളിയം ശുദ്ധീകരിക്കാനും ഉപയോഗിക്കുന്ന സോഡിയം ഹൈഡ്രേറ്റ് ഇരുവരും കുടിക്കുകയായിരുന്നു. ഇവര്‍ തയാറാക്കിയ മിശ്രിതം കോവിഡ് 19 പ്രതിരോധിക്കുന്നതിനും ശരീരത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് വര്‍ധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് കരുതിയാണ് മിശ്രിതം കുടിച്ചത്.

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഇരുവരും സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍  ചികിത്സ തേടുകയായിരുന്നു. പിന്നാലെ വ്യാഴാഴ്ച രാത്രി 8 മണിയോടെ ശിവനേശന്‍ മരണപ്പെടുകയായിരുന്നു.- പോലീസ് പറയുന്നു. ആയുര്‍വേദ മരുന്നുകള്‍ വില്പന നടത്തുന്ന സ്ഥാപനമാണ് സുജാത ബയോടെക്.അതേസമയം താത്കാലിക പരീക്ഷണത്തിനായി തയാറാക്കിയ ലാബില്‍ നിന്നും മരണത്തിനിടയാക്കിയ മിശ്രിതം കണ്ടെടുത്തിട്ടുണ്ട്. 

ശിവനേശന്റെ മൃതദേഹം പോലീസ് പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.

Content Highlights: pharma firm employee died on try for covid 19 medicine