പ്രതീകാത്മക ചിത്രം | AFP
കണ്ണൂര്‍: മരുന്നു നിര്‍മാണത്തിനാവശ്യമായ രാസസംയുക്തങ്ങളും ചേരുവകളും നിര്‍മിക്കുന്ന 115 ബള്‍ക്ക് ഫാര്‍മസി പ്ലാന്റുകള്‍ ഗുജറാത്തില്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. രണ്ടായിരത്തോളം കോടിരൂപയുടെ നിക്ഷേപ സാധ്യതയാണ് ഒരുങ്ങുന്നത്. അതേസമയം, ഇന്ത്യയില്‍ ഏറ്റവുംകൂടുതല്‍ മരുന്നു വിറ്റഴിക്കപ്പെടുന്ന കേരളത്തില്‍ അത്തരം ഒരു യൂണിറ്റുപോലും നിലവിലില്ല. നേരത്തേ ചൈനയില്‍നിന്നാണ് ഇന്ത്യന്‍ കമ്പനികള്‍ മരുന്നു നിര്‍മാണത്തിനായി ഇവ ഇറക്കുമതി ചെയ്തിരുന്നത്. കോവിഡിന് ശേഷം ചൈനയില്‍ നിന്നുള്ള വരവ് കുറഞ്ഞതോടെ ഗുജറാത്ത് സാധ്യതകള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തനം തുടങ്ങി.
അനുകൂല കാലാവസ്ഥ, അടിസ്ഥാന വികസന സൗകര്യം, യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ എന്നിവ വേണ്ടത്ര ഉണ്ടായിട്ടും കേരള സര്‍ക്കാര്‍ ഫാര്‍മ മേഖലയോട് മുഖം തിരിക്കുന്നതായാണ് ആക്ഷേപം. പ്രതിവര്‍ഷം 10,000 കോടി രൂപയുടെ മരുന്നാണ് കേരളത്തില്‍ വിറ്റഴിക്കപ്പെടുന്നത്. 'ബള്‍ക്ക് ഫാര്‍മസികള്‍' ഇല്ലെന്ന് മാത്രമല്ല, സര്‍ക്കാരിന്റെതുള്‍പ്പടെ നിലവിലുള്ള മരുന്നുനിര്‍മാണ യൂണിറ്റുകള്‍ തകര്‍ച്ചയിലാണ്.
ഗുജറാത്തിനുപുറമേ പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ കോവിഡിനുശേഷം വലിയ നിക്ഷേപമിറക്കി ഈ മേഖലയില്‍ വലിയമുന്നേറ്റം നടത്തുന്നുണ്ട്. നിലവില്‍ ഗുജറാത്തില്‍ മൊത്തത്തില്‍ 3415 ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മാണ കേന്ദ്രങ്ങളുണ്ട്. രണ്ടു വര്‍ഷത്തിനിടെ ഡ്രഗ് ഡിപ്പാര്‍ട്ട്മെന്റ് 288 പുതിയ ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മാണ യൂണിറ്റുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട. വിറ്റാമിനുകള്‍, ആന്റിബയോട്ടിക്കുകള്‍, സ്റ്റിറോയിഡുകള്‍ എന്നിവയ്ക്കായുള്ള ബള്‍ക്ക് മരുന്നുകള്‍ ഇനി ഗുജറാത്തില്‍നിന്ന് വാങ്ങാന്‍ പറ്റും.
ചൈനയില്‍നിന്ന് വരവ് കുറഞ്ഞതോടെ 40,000 ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് 11 ശതമാനത്തോളം വില കൂടിയിരുന്നു.
ബള്‍ക്ക് ഡ്രഗ്സ്
.jpg?$p=8acc897&w=610&q=0.8)
വിവിധ മരുന്നുകളുടെ അടിസ്ഥാന ജനറിക് ഘടകങ്ങള്‍ അല്ലെങ്കില്‍ രാസഘടകങ്ങള്‍ വന്‍തോതില്‍ നിര്‍മിക്കുന്ന സംവിധാനമാണ് ബള്‍ക്ക് ഡ്രഗ്സ്. ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര. ഗുജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളില്‍ ബള്‍ക്ക് ഡ്രഗ്സ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. യു.പി., ബിഹാര്‍, രാജസ്ഥാന് എന്നിവിടങ്ങളില്‍ ഫാക്ടറികള്‍ കൂടുതല്‍ തുടങ്ങുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..