ഇൻഡിഗോ വിമാനം (ഫയൽ ചിത്രം)
ബെംഗളൂരു: ജിപിഎസ്(ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം) ഫോണുമായി യാത്രയ്ക്കെത്തിയ ആളെ വിമാനത്താവളത്തില്‍ തടഞ്ഞു. ഒഡീഷയില്‍ നിന്നുള്ള പി.എച്ച്.ഡി വിദ്യാര്‍ത്ഥി ബികാഷ് സാഹുവിനെയാണ് കഴിഞ്ഞ ദിവസം തടഞ്ഞത്. രാത്രി 8:45 ന് വിമാനം ബെഗളുരുവില്‍നിന്ന് ഒഡീഷയിലേക്ക് പുറപ്പെടുമ്പോള്‍ ബികാഷ് എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ചോദ്യങ്ങള്‍ക്ക് നടുവിലായിരുന്നു.
ഇന്ത്യയിലെ വിമാനത്താവളങ്ങളിലെ സാറ്റലൈറ്റ് ഫോണുകളുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് ബികാഷിന് വിനയായത്. ഏതെങ്കിലും തരത്തിലുള്ള സാറ്റലൈറ്റ് ഫോണ്‍ ഒരു വിമാനത്തിനുള്ളിലോ എയര്‍പോര്‍ട്ട് പരിസരത്തോ കൊണ്ടുപോകുന്നത് ഇന്ത്യയില്‍ എവിടെയും അനുവദനീയമല്ല. ഇന്ത്യന്‍ വയര്‍ലെസ് ആക്ട്, ടെലിഗ്രാഫ് ആക്ട് എന്നിവ പ്രകാരം ഇത് നിരോധിക്കുകയും നിയമവിരുദ്ധമായി കണക്കാക്കുകയും ചെയ്യുന്നു.
ഖുര്‍ദയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ ബയോളജിക്കല്‍ സയന്‍സസില്‍ മൂന്നാം വര്‍ഷ പിഎച്ച്.ഡി വിദ്യാര്‍ഥിയാണ് സാഹു. വൈകിട്ട് ഏഴുമണിക്കാണ് ഇന്‍ഡിഗോ വിമാനത്തില്‍ ഭുവനേശ്വറിലേക്ക് പുറപ്പെടാന്‍ ഇയാള്‍ എത്തിയത്.
'ഞാന്‍ എന്റെ ഗ്രാമിന് ജി.പി.എസ്. ഫോണ്‍ ബാഗില്‍ സൂക്ഷിച്ചിരുന്നു. ബാഗേജ് സ്ക്രീനിംഗ് സമയത്ത് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥര്‍ അത് പുറത്തെടുത്ത് പരിശോധിച്ചു. വിമാനത്താവളത്തിനുള്ളില്‍ ഇത്തരം ഫോണുകള്‍ നിരോധിച്ചിരിക്കുന്നുവെന്ന് അവര്‍ പറഞ്ഞു. തുടര്‍ന്ന് അവരെന്നെ തടഞ്ഞുവെച്ചു. എന്റെ കോഴ്സിന്റെ ഭാഗമായി ഞാന്‍ മണ്ണ് പരിശോധന നടത്തുന്നുണ്ട്. ഒരു ലൊക്കേഷന്‍ സൂചകമെന്ന നിലയില്‍ ഈ ഫോണ്‍ എനിക്ക് വളരെ ഉപയോഗപ്രദമാണ്. അതിനാല്‍, ഞാന്‍ അത് എപ്പോഴും എനിക്കൊപ്പമുണ്ടാകും. വിമാനത്താവളത്തിനുള്ളില്‍ ഇത് അനുവദിച്ചിട്ടില്ലെന്ന് എനിക്കറിയില്ലായിരുന്നു.' ബികാഷ് സാഹു പറഞ്ഞു.
വിദ്യാര്‍ഥിയോട് ഫോണുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ എയര്‍പോര്‍ട് പോലീസ് ആവശ്യപ്പെട്ടു. രാത്രി 10 മണിവരെ തുടര്‍ന്ന ചോദ്യം ചെയ്യലിനിടയില്‍ സാഹുവിന് വിമാനയാത്ര നഷ്ടമായി. വിശദമായ വിശദീകരണം സമര്‍പ്പിച്ച ശേഷം സാഹുവിനെ വിട്ടയച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..